'രാഹുൽ ഇപ്പോൾ എല്ലാം നേരിടാൻ തയ്യാർ' ; ശശി തരൂർ

 

ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ശശി തരൂർ. കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാരിനെ നേരിടാൻ രാഹുൽ ഗാന്ധി ഇപ്പോൾ തയ്യാറായെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷ വ്യക്തമാക്കുന്നുണ്ടെന്ന് തരൂർ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ രാഹുൽ ഗാന്ധി തിരക്കിലാണ്. നേതൃത്വ ബോധവും ആത്മവിശ്വാസവും വ്യക്തമാകുന്ന രീതിയിലാണ് രാഹുൽ ഓരോ കാര്യത്തെയും സമീപിക്കുന്നത്. അദ്ദേഹത്തിന്റെ ശരീരഭാഷയും പ്രവർത്തന രീതികളും പാർട്ടിക്കുള്ളിലും സഖ്യകക്ഷികളോടും ബി.ജെ.പിയോടും വിളിച്ച് പറയുന്നത് താൻ എല്ലാം നേരിടാൻ തയ്യാറാണ് എന്നാണ്. ഇന്ത്യൻ എസ്പ്രസ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ പരാമർശം.

ഭാരത് ജോഡോ യാത്രയാണ് രാഹുലിന്റെ ഈ മാറ്റത്തിന് കാരണം. ജോഡോ യാത്രയിലൂടെയാണ് രാഹുൽ തെരുവിലേക്ക് ഇറങ്ങാൻ തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തുടർച്ചയായി രണ്ട് പ്രാവശ്യവും പ്രതിപക്ഷമില്ലാത്തതിനാൽ ബില്ലുകൾ സുഗമമായി പാസ്സാക്കികൊണ്ടിരുന്ന എൻ.ഡി.എ സർക്കാരിന് ഇനി അത് കുറച്ച് ബുദ്ധിമുട്ടായിരിക്കുമെന്നും തരൂർ പറഞ്ഞു. കഴിഞ്ഞ രണ്ട് തവണയും പ്രതിപക്ഷത്തിന്റെ ശബ്‌ദം അടിച്ചമർത്തിയ സർക്കാർ ഈ തവണ പ്രതിപക്ഷത്തെ കേൾക്കേണ്ടിവരുമെന്നും അംഗീകരിക്കേണ്ടിവരുമെന്നും തരൂർ പറഞ്ഞു.