രാഹുല്‍ ഗാന്ധി ശരിയായ രാഷ്ട്രീയ നിലപാടില്ലാത്ത കോണ്‍ഗ്രസ് നേതാവാണ് : എ വിജയരാഘവന്‍

രാഹുല്‍ ഗാന്ധി ശരിയായ രാഷ്ട്രീയ നിലപാടില്ലാത്ത കോണ്‍ഗ്രസ് നേതാവാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കുന്നത് ഇടതുപക്ഷം

 
 കൊല്ലം: രാഹുല്‍ ഗാന്ധി ശരിയായ രാഷ്ട്രീയ നിലപാടില്ലാത്ത കോണ്‍ഗ്രസ് നേതാവാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കുന്നത് ഇടതുപക്ഷം കൂടി പിന്തുണയ്ക്കുന്ന ഇന്‍ഡ്യാസഖ്യം ഉള്ളതുകൊണ്ടാണെന്നും ഇക്കാര്യം മറന്ന് കേരളത്തിലെത്തി ഇടതുപക്ഷ സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമര്‍ശിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയ നിലപാട് ഇല്ലാത്തതുകൊണ്ടാണെന്നും എ വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കോവൂര്‍ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ വിജയരാഘവന്‍.

നടപ്പാക്കാനുള്ളതല്ല, വഞ്ചിക്കാനുള്ള വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു. ജനങ്ങളെ പറ്റിക്കുകയും വഞ്ചിക്കുകയുമാണ് യുഡിഎഫ് അജണ്ട. 600 രൂപ ക്ഷേമ പെന്‍ഷന്‍ 18 മാസം നല്‍കാത്തവരാണ് മാസം 3,000 നല്‍കുമെന്ന് പറയുന്നത്. പിണറായി വിജയനെ ജയിലിലടക്കാത്തതിലാണ് രാഹുല്‍ ഗാന്ധിയുടെ വിഷമം. ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കെജ്‌രിവാളിനെ ജയിലിലടപ്പിച്ചിട്ടും രാഹുലിനും കോണ്‍ഗ്രസിനും തൃപ്തിയായിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരെല്ലാം ബിജെപിയിലെത്തിയെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കോണ്‍ഗ്രസിനും ബിജെപിക്കും കേരളത്തോട് വിരോധമാണ്. കര്‍ണാടകത്തിലും ഉത്തരേന്ത്യയിലും ന്യൂനപക്ഷങ്ങളുടെ വീടുകള്‍ക്ക് മുകളിലൂടെ ഇവന്‍ ബുള്‍ഡോസര്‍ ഓടിക്കുകയാണ്. കേരളത്തിന്റെ നന്മയും വളര്‍ച്ചയും തകര്‍ക്കലാണ് ഇരുകൂട്ടരുടേയും ലക്ഷ്യം എന്നും എ വിജയരാഘവന്‍ പറഞ്ഞു.