കാസർകോട് ജില്ലയിലെ 2 സ്‌കൂളുകളിൽ റാഗിങ് : കേസെടുത്ത് പൊലീസ്
കാസർകോട് ജില്ലയിലെ സ്‌കൂളുകളിൽ റാഗിംഗ് കേസുകൾ കൂടുന്നു. പൈവളിഗെയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തു. പരുക്കേറ്റ വിദ്യാർത്ഥിയെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർകോട്: കാസർകോട് ജില്ലയിലെ സ്‌കൂളുകളിൽ റാഗിംഗ് കേസുകൾ കൂടുന്നു. പൈവളിഗെയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തു. പരുക്കേറ്റ വിദ്യാർത്ഥിയെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൈവളിഗെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയെയാണ് പത്താം ക്ലാസ് വിദ്യാർഥികൾ മർദിച്ചത്. ആക്രമണത്തിൽ കുട്ടിയുടെ കഴുത്തിനും നെഞ്ചിനും പരുക്കേറ്റു. സ്കൂൾ വിട്ട് വരുമ്പോൾ പത്താം ക്ലാസ് വിദ്യാർഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു.
കുറ്റക്കായ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുമെന്ന് പിടിഎയും സ്കൂൾ അധികൃതരും അറിയിച്ചു. വർധിച്ചു വരുന്ന റാഗിംഗ് കേസുകളിൽ നടപടിയെടുക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.അതേസമയം ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളെ റാഗ് ചെയ്തതായി പരാതിയുണ്ട്. ഷർട്ടിന്റെ ബട്ടൺ ഇടാത്തത് ചോദ്യം ചെയ്ത് വിദ്യാർഥികൾ മർദിച്ചുവെന്നാണ് പരാതി. മർദനമേറ്റ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ രക്ഷിതാക്കൾ ചന്തേര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.