കാരവനുകളിലെ ഒളിക്യാമറ വിഷയത്തിൽ കേസിനില്ലെന്ന് രാധിക ശരത്കുമാർ; പ്രത്യേക അന്വേഷണസംഘത്തിന് മൊഴിനൽകാനും തയ്യാറായില്ല
ചെന്നൈ: മലയാള സിനിമയുടെ ലൊക്കേഷനിലെ കാരവാനിൽ ഒളിക്യാമറ വയ്ക്കുന്നുണ്ടെന്ന ആരോപണത്തിൽ കേസ് നൽകാനില്ലെന്ന് നടി രാധിക ശരത്കുമാർ. ഏതു സിനിമയുടെ ലൊക്കേഷനെന്നു പറയാൻ ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞു. വെളിപ്പെടുത്തൽ പുറത്തുവന്നതിനു പിന്നാലെ പ്രത്യേക അന്വേഷണസംഘം രാധികാ ശരത്കുമാറിനോടു സംസാരിച്ചെങ്കിലും മൊഴികൊടുക്കാനോ കേസുമായി മുന്നോട്ടുപോകാനോ തയാറല്ലെന്നായിരുന്നു പ്രതികരണം.
ഏതു സിനിമയുടെ ലൊക്കേഷനെന്നു പറയാൻ ആഗ്രഹിക്കുന്നില്ല. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്നു മൊബൈലിൽ ഈ ദൃശ്യങ്ങൾ കാണുന്നത് താൻ നേരിട്ടു കണ്ടു. ബഹളംവച്ച് ഇക്കാര്യം എല്ലാവരെയും അറിയിച്ചു. ഇതു ശരിയല്ലെന്നും ചെരിപ്പൂരി അടിക്കുമെന്നും പറഞ്ഞു. പിന്നീട് ഭയം കാരണം ലൊക്കേഷനിലെ കാരവൻ ഉപയോഗിച്ചിട്ടില്ല. തനിക്കറിയാവുന്നവരോട് ഇതു സംബന്ധിച്ചു മുന്നറിയിപ്പു നൽകിയെന്നും രാധിക പറഞ്ഞു.
അതേസമയം മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്നതിനു പിന്നിൽ ഡബ്ല്യുസിസിയുടെ പങ്ക് നിർണായകമാണെന്നും അവർ പറഞ്ഞു. എന്റെ സിനിമാ ജീവിതത്തിൽ നിരവധിക്കാര്യങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അതു നമ്മൾ ഇടപെട്ട് മാറ്റേണ്ടിയിരിക്കുന്നു. കാലം മാറുകയാണ്. ആളുകളുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു. വിദ്യാഭ്യാസവും ജീവിതസാഹചര്യങ്ങളും മാറി. ഇതിനെ നമ്മൾ എങ്ങനെ അഭിമുഖീകരിക്കുന്നുവെന്നതാണ് പ്രധാനം എന്നും അവർ കൂട്ടിച്ചേർത്തു.