പൈസ അനാവശ്യമായി ചിലവാക്കാൻ മടിയുള്ള വ്യക്തിയാണ് താൻ;ഡല്‍ഹി യാത്ര വേണ്ടെന്ന് വച്ചതില്‍ വിശദീകരണവുമായി ആര്‍ ശ്രീലേഖ

മറ്റു ബിജെപി കൗണ്‍സിലര്‍മാര്‍ക്കൊപ്പം പോകാത്തതില്‍ വിശദീകരണവുമായി ആ ശ്രീലേഖ

 

 തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമുള്ള  ഡല്‍ഹി യാത്രയിൽ മറ്റു ബിജെപി കൗണ്‍സിലര്‍മാര്‍ക്കൊപ്പം പോകാത്തതില്‍ വിശദീകരണവുമായി ആ ശ്രീലേഖ. ഈ പ്രായത്തില്‍ ട്രെയിനില്‍ പോകാനാവില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും അഞ്ച് ദിവസം തിരുവനന്തപുരത്ത് നിന്നും മാറിനില്‍ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറഞ്ഞു.

പൈസ അനാവാശ്യമായി ചെലവാക്കുന്നതില്‍ മടിയുള്ള വ്യക്തിയാണ് താനെന്നും അതിനാല്‍ വിമാന ടിക്കറ്റ് നല്‍കാമെന്നു പറഞ്ഞിട്ടും യാത്ര ഒഴിവാക്കുകയായിരുന്നെന്നും ശ്രീലേഖ പറഞ്ഞു. അതേസമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശ്രീലേഖ തള്ളി. വരുന്ന അഞ്ചുവര്‍ഷവും കൗണ്‍സിലറായി തുടരാനാണ് തീരുമാനമെന്നും അവര്‍ വ്യക്തമാക്കി. തന്റെ തീരുമാനങ്ങളെല്ലാം പാര്‍ട്ടിയുടെ അറിവോടെയാണെന്നും ആര്‍ ശ്രീലേഖ വ്യക്തമാക്കി.

എനിക്ക് പേഴ്‌സണലായി ചില ബുദ്ധിമുട്ടുകളും ഉണ്ട്. അമ്മയ്ക്ക് 93 വയസായി. അഞ്ച് ദിവസമൊന്നും വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ല. വീട്ടില്‍ ആള് വേണം. അതാണ് ഞാന്‍ മാറി നില്‍ക്കാന്‍ കാരണം. അല്ലാതെ പ്രതിഷേധിച്ചിട്ടോ ആരോടും അനിഷ്ടമുണ്ടായിട്ടോ അല്ല പോകാതിരുന്നത്. ഞാനൊരു ബിജെപിയുടെ തികഞ്ഞ വിശ്വാസിയാണ്. ഒരു തെരഞ്ഞെടുപ്പില്‍ ജയിച്ചതുകൊണ്ട് ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ല. അതിനുള്ള ചെലവ് വഹിക്കാന്‍ കഴിയില്ല. അത് പാര്‍ട്ടിയെക്കൊണ്ട് വഹിപ്പിക്കുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ല. ഇത് വിവാദമാക്കാന്‍ എനിക്ക് താല്‍പ്പര്യവുമില്ല'', ശ്രീലേഖ പറഞ്ഞു.