ചോദ്യങ്ങളെ ബാൻ ചെയ്യാനാകില്ല' അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന കോക്രോച്ചിനെപ്പോലെ തിരിച്ചുവരും, പിന്തുണയുമായി ബിനീഷ് കോടിയേരി

സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന 'കോക്രോച്ച് ജനത പാർട്ടി' കേവലം ട്രോളോ തമാശയോ അല്ലെന്നും, പരിഹസിക്കപ്പെട്ട യുവത്വത്തിന്റെ ശക്തമായ പ്രതിഷേധമാണെന്നും സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരി. രാജ്യത്തെ മതത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തോട് മടുത്ത ഒരു പുതിയ തലമുറയുടെ രാഷ്ട്രീയ ആവശ്യമാണിതെന്നും, ഈ കൂട്ടായ്മയ്ക്ക് താൻ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ബിനീഷ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി

 

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന 'കോക്രോച്ച് ജനത പാർട്ടി' കേവലം ട്രോളോ തമാശയോ അല്ലെന്നും, പരിഹസിക്കപ്പെട്ട യുവത്വത്തിന്റെ ശക്തമായ പ്രതിഷേധമാണെന്നും സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരി. രാജ്യത്തെ മതത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തോട് മടുത്ത ഒരു പുതിയ തലമുറയുടെ രാഷ്ട്രീയ ആവശ്യമാണിതെന്നും, ഈ കൂട്ടായ്മയ്ക്ക് താൻ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ബിനീഷ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.ഇന്നത്തെ ഇന്ത്യയിൽ ജോലി ചോദിച്ചാൽ പരിഹാസവും ചോദ്യം ചോദിച്ചാൽ രാജ്യദ്രോഹി മുദ്രയുമാണ് ലഭിക്കുന്നതെന്ന് ബിനീഷ് കോടിയേരി വിമർശിച്ചു. 

 ഈ പശ്ചാത്തലത്തിലാണ് യുവാക്കൾ പുതിയ പ്രതിഷേധ മാർഗ്ഗങ്ങളുമായി രംഗത്തിറങ്ങുന്നത്. കോക്രോച്ച് ജനത പാർട്ടി മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ വെറുമൊരു സാധാരണ സംഗതിയല്ല, മറിച്ച് പുതിയ തലമുറയുടെ ഉയർന്ന രാഷ്ട്രീയ ബോധത്തിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂട്ടായ്മ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ:

    വിരമിച്ച സുപ്രീംകോടതി ജഡ്ജിമാർക്ക് പദവികൾ നൽകരുത്.
    നിയമനിർമാണ സഭകളിൽ സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കണം.
    മാധ്യമങ്ങൾ അധികാരത്തിന്റെ വക്താക്കളാകരുത്.
    ജനപ്രതിനിധികളായി ജയിച്ച ശേഷം പാർട്ടി മാറുന്ന രാഷ്ട്രീയ വ്യാപാരികളെ 20 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണം.

മിനിറ്റുകൾക്കകം ആയിരക്കണക്കിന് ആളുകൾ വന്നുചേരുന്ന ഈ കൂട്ടായ്മ, ജെൻ സി (Gen Z) തലമുറയ്ക്ക് എത്രമാത്രം കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് തെളിയിക്കുന്നതാണെന്നും ബിനീഷ് പറഞ്ഞു.


ഈ കൂട്ടായ്മയുടെ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭരണകൂടം ഇതിനെ അടിച്ചമർത്താനാണ് നിലവിൽ ശ്രമിക്കുന്നത്. കോക്രോച്ച് ജനത പാർട്ടിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ എല്ലാം തന്നെ ബാൻ ചെയ്യുകയും തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് ഇവരെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടച്ചുപൂട്ടാമെങ്കിലും യുവാക്കളുടെ ചോദ്യങ്ങളെ ഇല്ലാതാക്കാൻ ഭരണകൂടത്തിന് സാധിക്കില്ലെന്ന് ബിനീഷ് ഓർമ്മിപ്പിച്ചു.

അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന കോക്രോച്ചിനെപ്പോലെ (പാറ്റ) ഈ തലമുറയും കൂടുതൽ വ്യക്തതയോടെ തിരിച്ചുവരും. രാജ്യത്തെ സ്നേഹിക്കുന്നവർ എല്ലായ്പ്പോഴും അധികാരത്തെ കൈയടിക്കണമെന്നില്ല. ചോദ്യം ചെയ്യുന്ന യുവത്വം രാജ്യത്തിന് ഭീഷണിയല്ല, മറിച്ച് പ്രതീക്ഷയാണെന്ന് വ്യക്തമാക്കിയ ബിനീഷ് കോടിയേരി, 'Am also a cockroach' എന്നത് നിശബ്ദരാകാൻ വിസമ്മതിക്കുന്ന ഒരു തലമുറയുടെ പ്രഖ്യാപനമാണെന്നും താനുമൊരു കോക്രോച്ചാണെന്നും പറഞ്ഞാണ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.