അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ 'പൊന്നും കട്ട' , വിജിലന്‍സ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പി വി അന്‍വര്‍

 

എം ആര്‍ അജിത് കുമാറിനെതിരായിട്ടുള്ള വിജിലന്‍സ് അന്വേഷണം ശരിയായ ദിശയില്‍ ആയിരുന്നില്ലെന്ന് പി വി അന്‍വര്‍. പൊലീസിലെ നോട്ടോറിയസ് ക്രിമിനല്‍ സംഘം അജിത് കുമാറിനൊപ്പം ഉണ്ട്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചതിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് ഏറ്റവും നല്ല ഓഫീസര്‍ എം ആര്‍ അജിത് കുമാര്‍ ആണെന്നാണ്.

അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ പൊന്നും കട്ടയാണ്. പി.ശശിയും എം.ആര്‍ അജിത് കുമാറും മുഖ്യമന്ത്രിയും ഒരുമിക്കുമ്പോള്‍ ഒരന്വേഷണവും എങ്ങുമെത്തില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. എം അര്‍ അജിത് കുമാറിനെതിരെ കൈവശം ഉണ്ടായിരുന്ന തെളിവുകള്‍ വിജിലന്‍സിന് നല്‍കിയിട്ടുണ്ട്. ബാക്കി തെളിവുകള്‍ കോടതിയില്‍ നല്‍കും.

സാബുവിന്റെ മരണം വെറുതെ എഴുതി തള്ളേണ്ടതല്ല. സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്ന പണം കേരളത്തില്‍ കൊള്ളയടിക്കപ്പെടുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു. സഹകരണ സംഘം മനുഷ്യരെ സഹായിക്കാന്‍ ഉണ്ടാക്കിയതാണ് സിപിഐഎം അതിനെ കുത്തകവത്ക്കരിക്കുന്നു. മനുഷ്യര്‍ക്ക് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കടത്ത വിധം പലിശ ഈടാക്കുന്നു.

ചികിത്സക്ക് ചോദിച്ച രണ്ട് ലക്ഷം രൂപ നല്‍കാതെ സാബുവിനെ മരണത്തിലേക്ക് തള്ളി വിട്ടു. ജീവിക്കാന്‍ അനുവദിക്കില്ല എന്ന സിപിഐഎം നേതാവിന്റെ ഭീഷണി വട്ടിക്ക് പണം കൊടുത്തിരുന്ന ഗുണ്ട സംഘങ്ങളുടെ നിലവാരത്തിലെന്നും പി വി അന്‍വര്‍ പറഞ്ഞു .

സാബുവിന്റെ കുടുംബത്തോടൊപ്പം എന്ന സിപിഐഎം നിലപാട് നവീന്‍ ബാബു വിന്റെ കുടുംബത്തോട് പറഞ്ഞത് പോലെയാണ്. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്തണം. പൊലീസിന്റെ അന്വേഷണം ശരിയായ രീതിയില്‍ അല്ല. ഈ പൊലിസാണ് അന്വേഷണം നടത്തുന്നത് എങ്കില്‍ കേസ് എങ്ങും എത്തില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.