കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു സഹകരണ സംഘങ്ങൾ ഗുണ്ടായിസത്തിലേക്ക് പോയതിന്റെ ഒടുവിലത്തെ തെളിവ്; പി.വി അന്‍വര്‍

കട്ടപ്പന റൂറല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത  സാബു സഹകരണ സംഘങ്ങൾ ഗുണ്ടായിസത്തിലേക്ക് പോയതിന്റെ ഒടുവിലത്തെ തെളിവാണെന്ന് പി.വി അന്‍വര്‍ എംഎല്‍എ.

 

കട്ടപ്പന: കട്ടപ്പന റൂറല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത  സാബു സഹകരണ സംഘങ്ങൾ ഗുണ്ടായിസത്തിലേക്ക് പോയതിന്റെ ഒടുവിലത്തെ തെളിവാണെന്ന് പി.വി അന്‍വര്‍ എംഎല്‍എ. സമ്പാദിച്ച് കൊണ്ടുവന്ന പണം രണ്ട് ശതമാനം പലിശ അധികം ലഭിക്കുമെന്ന കണക്കിലാണ് ആളുകള്‍ സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്നതെന്നും ആ പണമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം കൊള്ളയടിക്കപ്പെടുന്നതെന്നും പി.വി അന്‍വര്‍ എംഎല്‍എ ആരോപിച്ചു. ആത്മഹത്യ ചെയ്ത മുളങ്ങാശേരില്‍ സാബുവിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സാബു സ്വന്തമായി നിക്ഷേപിച്ച പണം ഒരു ആവശ്യഘട്ടത്തില്‍ ചോദിച്ചപ്പോള്‍ പണം കൊടുത്തില്ല എന്ന് മാത്രമല്ല വളരെ ക്രൂരമായി പെരുമാറുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു. ഉത്തരവാദിത്വപ്പെട്ട സിപിഎമ്മിന്റെ നേതാക്കന്മാര്‍ 'നിന്നെ കൈകാര്യം ചെയ്യും' എന്ന് പറയുന്ന ഗുണ്ടായിസത്തിലേക്ക് കേരളത്തിലെ സഹകരണ സംഘങ്ങള്‍ പോയതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് സാബുവിന്റെ മരണം' എന്നും പിവി അന്‍വര്‍ പറഞ്ഞു.

മനുഷ്യര്‍ വളരെ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഏറ്റവും സുരക്ഷിത സ്ഥാനം എന്ന നിലയിലാണ് ബാങ്കില്‍ നിക്ഷേപിക്കുന്നത്. പണം വീട്ടില്‍ കെട്ടിവെക്കാന്‍ നമുക്ക് സാധിക്കില്ല. വിദേശത്ത് പോയി സമ്പാദിച്ച് കൊണ്ടുവന്ന പണം രണ്ട് ശതമാനം പലിശ അധികം കിട്ടും എന്ന കണക്കിലാണ് സഹകരണ സംഘങ്ങളില്‍ ആളുകള്‍ പണം നിക്ഷേപിക്കുന്നത്. ആ പണമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം കൊള്ളയടിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത് കേരളത്തിലെ ജനങ്ങള്‍ എഴുതിത്തള്ളേണ്ട വിഷയമല്ല എന്നും അദ്ദേഹം പറഞ്ഞു.