പുന്നപ്രയിൽ ഓട്ടോ പോസ്റ്റിലിടിച്ച് അപകടം ; യുവതിക്ക് ദാരുണാന്ത്യം
മാതൃസഹോദരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. പുന്നപ്ര സ്വദേശിനി സ്വാതി (22) ആണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെ പുന്നപ്ര അറവുകാട് കണ്ണമ്പള്ളി ജങ്ഷന് സമീപമായിരുന്നു അപകടം.
അമ്പലപ്പുഴ: മാതൃസഹോദരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. പുന്നപ്ര സ്വദേശിനി സ്വാതി (22) ആണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെ പുന്നപ്ര അറവുകാട് കണ്ണമ്പള്ളി ജങ്ഷന് സമീപമായിരുന്നു അപകടം.
സ്വാതിയുടെ മാതൃസഹോദരൻ അഭിലാഷിന് പെട്ടെന്നുണ്ടായ കഠിനമായ വയറുവേദനയെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു സ്വാതിയും സംഘവും. പഴയ നടക്കാവ് റോഡിലേക്ക് മറ്റൊരു ബൈക്ക് യാത്രികൻ പെട്ടെന്ന് കയറിവന്നപ്പോൾ, അയാളെ ഇടിക്കാതിരിക്കാൻ ഓട്ടോ ഡ്രൈവർ വാഹനം വെട്ടിച്ചുമാറ്റി. ഇതോടെ നിയന്ത്രണം തെറ്റിയ ഓട്ടോ സമീപത്തെ വൈദ്യുത പോസ്റ്റിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് കമ്പികളുമായി ഓട്ടോയ്ക്ക് മുകളിൽ വീണു. ഷോക്കേൽക്കാൻ സാധ്യതയുള്ളതിനാൽ നാട്ടുകാർക്ക് ഉടൻ രക്ഷാപ്രവർത്തനം നടത്താനായില്ല. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിച്ഛേദിച്ച ശേഷം ഒരു മണിക്കൂറോളം കഴിഞ്ഞാണ് സ്വാതിയെ പുറത്തെടുക്കാനായത്. എന്നാൽ അപ്പോഴേക്കും രക്തം വാർന്ന് സ്വാതി മരണപ്പെട്ടിരുന്നു. ഓട്ടോയിലുണ്ടായിരുന്ന അഭിലാഷ്, ദീപിക, ഡ്രൈവർ ഹരിസുധൻ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.