പുനര്‍ജനി അഴിമതി ആരോപണം: മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് രാഷ്ട്രീയ ആയുധമാക്കാന്‍ സിപിഎം
പുനര്‍ജനി അഴിമതി ആരോപണം: മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് രാഷ്ട്രീയ ആയുധമാക്കാന്‍ സിപിഎം
വിദേശഫണ്ട് വാങ്ങിയതില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ഇടത് സര്‍ക്കാറിന്റെ കാലത്തെ വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയും യുഡിഎഫ് സര്‍ക്കാര്‍ തള്ളി
പറവൂര്‍ മണ്ഡലത്തില്‍ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ വിദേശ ഫണ്ടുവാങ്ങിയതില്‍ ക്രമക്കേടില്ലെന്ന് കണ്ടെത്തിയാണ് വിജിലന്‍സ് കേസ് അവസാനിപ്പിച്ചത്.
പുനര്‍ജനി അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയത് രാഷ്ട്രീയ ആയുധമാക്കാന്‍ സിപിഎം. നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ആരോപണം. പ്രതിഷേധ പരിപാടികള്‍ക്ക് ഇന്ന് എറണാകുളത്ത് തുടക്കമാകും. പറവൂര്‍ മണ്ഡലത്തില്‍ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ വിദേശ ഫണ്ടുവാങ്ങിയതില്‍ ക്രമക്കേടില്ലെന്ന് കണ്ടെത്തിയാണ് വിജിലന്‍സ് കേസ് അവസാനിപ്പിച്ചത്.
വിദേശഫണ്ട് വാങ്ങിയതില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ഇടത് സര്‍ക്കാറിന്റെ കാലത്തെ വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയും യുഡിഎഫ് സര്‍ക്കാര്‍ തള്ളി. സതീശനെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം നടന്നുവെന്നാണ് സിപിഎം ആരോപണം. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശനെ ലക്ഷ്യമിട്ട് പുനര്‍ജനിയിലെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടത്. കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം വിടണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ പുറത്തുവന്നപ്പോഴായിരുന്നു സതീശന്റെ ഏറെ ചര്‍ച്ചയായ പ്രതികരണം.
2018ല്‍ പറവൂരില്‍ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് വിദേശപര്യടനം നടത്തിയ വിഡി സതീശന്‍ ധനസമാഹരണ അഭ്യര്‍ത്ഥന നടത്തിയിരുന്നു. മണപ്പാട് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ വിദേശനാണ്യ ഇടപാട് നടത്താന്‍ കഴിയുന്ന അക്കൗണ്ടിലേക്കാണ് പണമെത്തിയത്. പുനര്‍ നിര്‍മ്മാണ പദ്ധതിയില്‍ ക്രമക്കേട് കണ്ടെത്താനായില്ലെന്ന് ഇടത് സര്‍ക്കാര്‍ കാലത്ത് രണ്ടു തവണ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പക്ഷെ വിജിലന്‍സ് അന്വേഷണം നിലനില്‍ക്കില്ലൈങ്കിലും വിദേശനാണ്യ വിനിമയം ചട്ട ലംഘനമുണ്ടോയെന്ന് പരിശോധിക്കാന്‍ കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് നല്‍കി.
ശുപാര്‍ശയുടെ രേഖകള്‍ പുറത്തുവിട്ടതല്ലാതെ കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം പിണറായി സര്‍ക്കാര്‍ കൈമാറിയില്ല. തിരിച്ചടിയുണ്ടാകുമെന്ന നിയമോപദേശമായിരുന്നു കാരണം. റിപ്പോര്‍ട്ട് കൂടുതല്‍ പരിശോധനക്ക് എന്ന പേരില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് വീണ്ടും മടക്കി. തുടര്‍ അന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പുനര്‍ജനിയുടെ പണ ഇടപാടില്‍ വി ഡി സതീശന്‍ നേരിട്ട് പങ്കാളിയായിട്ടില്ലെന്നും വിജിലന്‍സ് കേസ് നിലനില്‍ക്കില്ലെന്നും കഴിഞ്ഞ ദിവസം യുഡിഎഫ് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.