പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്; അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്നു നൽകും
ഭാരതത്തെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു
ഭാരതത്തെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായും ജൂൺ 28ന് തന്നെ അഞ്ചുവയസ്സിനു താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും രക്ഷാകർത്താക്കളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ ജൂൺ 28 ഞായറാഴ്ച രാവിലെ 8 നു നിർവ്വഹിക്കും. ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി.പി. ജോൺ അധ്യക്ഷത വഹിക്കും, ഡോ. ശശി തരൂർ എം.പി, തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി രാജേഷ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.
സംസ്ഥാനത്ത് അഞ്ചുവയസ്സിനു താഴെയുളള 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി 22,288 ബൂത്തുകൾ സജീകരിക്കും. തുള്ളിമരുന്ന് നൽകാൻ 46,663 സന്നദ്ധപ്രവർത്തകരെ പരിശീലനം നൽകി നിയോഗിക്കും. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്‌കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിൽ ബൂത്തുകൾ ക്രമീകരിക്കും.
സാധാരണ ബൂത്തുകൾക്ക് പുറമേ യാത്രാവേളയിൽ കുഞ്ഞുങ്ങൾക്ക് വാക്‌സിൻ നകുന്നതിനു 539 ട്രാൻസിറ്റ് ബൂത്തുകൾ, 283 മൊബൈൽ ബൂത്തുകൾ, 9 ഉത്സവ/ മേളകളിലെ ബൂത്തുകൾ എന്നിവയും ക്രമീകരിക്കും. റെയിൽവെ സ്റ്റേഷൻ, ബസ്സ്റ്റാൻറ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കുക. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുർഘട പ്രദേശങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ മരുന്ന് നൽകുന്നതിനാണ് മൊബൈൽ ബൂത്തുകൾ.
1980കളിൽ രാജ്യത്ത് പ്രതിവർഷം ഒന്നര ലക്ഷത്തിലധികം കുട്ടികൾക്ക് അംഗവൈകല്യത്തിനു കാരണമായ പോളിയോ രോഗം 1995 പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ആരംഭിച്ചതിനു ശേഷം ക്രമമായി കുറച്ചു കൊണ്ടുവന്ന് 2011 ന് ശേഷം ഭാരതത്തിൽ നിന്ന് പോളിയോ വൈറസിനെ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യാൻ സാധിച്ചു. 2026 ജനുവരി 13 ന് ഭാരതം പോളിയോ വിമുക്തമായി 15 വർഷം പിന്നിട്ടിരിക്കുകയാണ്. എന്നാൽ ഇന്ത്യയുടെ അയൽരാജ്യങ്ങൾ ഉൾപ്പടെ ചിലരാജ്യങ്ങളിൽ ഇപ്പോഴും രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പോളിയോ രോഗം ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുന്നതിൻറെ അവസാന ഘട്ടത്തിലാണ് ലോകം എത്തിനിൽക്കുന്നത്. പോളിയോ നിർമ്മാർജ്ജന യജ്ഞത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണം.
പരിപാടിയുടെ പ്രചരണത്തിനായി ബാനറുകൾ, പോസ്റ്ററുകൾ, നോട്ടീസുകൾ എന്നിവയ്ക്ക് പുറമേ ഭവനസന്ദർശനവും നടത്തും. വാക്‌സിൻ, അവ സൂക്ഷിക്കാനുള്ള ഐഎൽആർ, ഡീപ് ഫ്രീസർ, കോൾഡ് ബോക്‌സ്, വാക്‌സിൻ കാരിയർ തുടങ്ങിയ ശീതീകരണ ഉപാധികളും തയ്യാറാക്കിയിട്ടുണ്ട്.
പൾസ് പോളിയോ ദിനത്തിൽ ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക് ജൂൺ 29, 30 തിയതികളിൽ വീടുകളിലെത്തി വാക്‌സിൻ നൽകുന്നതാണ്. ആരോഗ്യ പ്രവർത്തകർക്ക് പുറമേ ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ എന്നിവരാണ് വാളൻറിയർമാർ. ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ്, കുടുബശ്രീ മിഷൻ, സാക്ഷരതാ മിഷൻ തുടങ്ങിയ സർക്കാർ വകുപ്പുകളുടെയും റോട്ടറി ഇന്റർനാഷണൽ തുടങ്ങിയ സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക.