പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിക്കണം മന്ത്രി റോഷി അഗസ്റ്റിന്‍

പരിസ്ഥിതിയും ശുചിത്വവും സംബന്ധിച്ച അശ്രദ്ധ വര്‍ദ്ധിച്ച് വരുന്നുണ്ടെന്നും പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിക്കണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

 

ഇടുക്കി : പരിസ്ഥിതിയും ശുചിത്വവും സംബന്ധിച്ച അശ്രദ്ധ വര്‍ദ്ധിച്ച് വരുന്നുണ്ടെന്നും പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിക്കണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

 മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയെ വൃത്തിയാക്കുന്നതിനുള്ള ജനകീയ പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി ഗവ. കോളജ് അക്കാഡമിക് ബ്ലോക്കില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിയന്‍ ചിന്തകളിലൂന്നിയ പ്രവര്‍ത്തനങ്ങളിലൂടെ മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തി പിടിക്കാന്‍ നമുക്ക് കഴിയണം. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയാണ് മാലിന്യ മുക്ത നവകേരളം പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള ശുചിത്വ പദയാത്രകള്‍, ഹരിത ചെക്ക്‌പോസ്റ്റുുകള്‍ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ്  നടത്തുന്നത്. ഒക്ടോബര്‍ 2 മുതല്‍ 2025 മാര്‍ച്ച് 30 വരെ നീളുന്ന പ്രചാരണ പരിപാടിയില്‍ മുഴുവന്‍ ജനങ്ങളും സഹകരിക്കണം മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി തോമസ് ,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ബ്ലോക്ക് പഞ്ചായത്തംഗംഡിറ്റാജ് ജോസഫ്, ഗ്രാമ പഞ്ചായത്തംഗം നിമ്മി ജയന്‍,ഹരിത കേരള മിഷന്‍ കോ ഓഡിനേറ്റര്‍ ഡോ അജയ് പി കൃഷ്ണ, തദ്ദേശ സ്വയംഭരണ വകുപ്പ് അസി ഡയരക്ടര്‍ ശ്രീലേഖ. കുടുംബശ്രീ കോ ഓഡിനേറ്റര്‍ സി ആര്‍ മിനി, ശുചിത്വ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ കെ ആര്‍ ഭാഗ്യരാജ് മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹരിത കലാലയങ്ങള്‍, ഹരിത ടുറിസം കേന്ദ്രം മാതൃക ഹരിത സ്ഥാപനം എന്നിവയുടെ പ്രഖ്യാപനങ്ങളും മന്ത്രി നടത്തി.

ഗവ. എഞ്ചിനിയറിംഗ് കോളേജ് ഇടുക്കി, ഗവ. പോളിടെക്‌നിക് കോളേജ് നെടുങ്കണ്ടം, സെന്റ് ആന്റണീസ് കോളേജ് പെരുവന്താനം, ന്യൂമാന്‍ കോളേജ് തൊടുപുഴ, മോഡല്‍ പോളിടെക്‌നിക് കോളേജ് പൈനാവ്,പവനാത്മ കോളേജ് മുരിക്കാശ്ശേരി യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനിയറിംഗ് മുട്ടം എന്നിവയാണ് ഹരിത കലായങ്ങള്‍. ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക് ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുത്തു. കട്ടപ്പന ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ ഓഫീസാണ് മാതൃകാ ഹരിത സ്ഥാപനം. തങ്കമണി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ സി സി യൂണിറ്റ് വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച പതിനായിരം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ക്ക് കൈമാറി.

 തുടര്‍ന്ന് 500 ശുചിത്വ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ കോളേജ് ശുചീകരണം നടന്നു. ജില്ലയിലെ 8 ബ്ലോക്കുകളിലായി 13 പ്രവര്‍ത്തനങ്ങളും 53 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 105 ഉദ്ഘാടന പരിപാടികളുമാണ് നടന്നു. കൂടാതെ ജില്ലയിലെ 522 തദ്ദേശ സ്ഥാപന വാര്‍ഡുകളിലും വൈവിധ്യമാര്‍ന്ന മാലിന്യമുക്ത പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറുമായ ജില്ലാ തല നിര്‍വ്വഹണ സമിതിയാണ് ജില്ലയെ മാലിന്യമുക്ത ഇടുക്കിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, വനം, ടൂറിസം, ജലസേചനം തുടങ്ങിയ വകുപ്പുകള്‍ എന്നിവയെല്ലാം ഒത്തുചേര്‍ന്ന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുക