വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്നൊഴിവാക്കിയതിനെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കീഴിലെ ടി 1, ടി 2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ (ആർടിഐ) പരിധിയിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. വിജിലൻസ് മുൻ ലീഗൽ അഡ്വൈസറും അഭിഭാഷകനുമായ പി.കെ. മുരളീകൃഷ്ണനാണ് കോടതിയെ സമീപിച്ചത്.
കൊച്ചി: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കീഴിലെ ടി 1, ടി 2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ (ആർടിഐ) പരിധിയിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. വിജിലൻസ് മുൻ ലീഗൽ അഡ്വൈസറും അഭിഭാഷകനുമായ പി.കെ. മുരളീകൃഷ്ണനാണ് കോടതിയെ സമീപിച്ചത്.
വിവരാവകാശ നിയമത്തിന്റെ അന്തസ്സ് തകർക്കുന്നതാണ് സർക്കാരിന്റെ നിർദിഷ്ട ഉത്തരവെന്നും ഇതിൽ അടിയന്തര സ്റ്റേ വേണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. പൊതുജനങ്ങളുടെ വിവരമറിയാനുള്ള അവകാശത്തിൽ അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കമാണിതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. ഒക്ടോബർ 22-നാണ് സർക്കാർ ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
സർക്കാർ തീരുമാനത്തിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിൽ ഹർജികൾ എത്തിയിരിക്കുന്നത്. വിഷയം ചൂണ്ടിക്കാട്ടി 'ആർടിഐ കേരള ഫെഡറേഷൻ' എന്ന സംഘടനയും ഹൈക്കോടതിയിൽ പ്രത്യേക ഹർജി സമർപ്പിച്ചിട്ടുണ്ട്. ഹർജികൾ ഉടൻ തന്നെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.