സംസ്ഥാനത്തെ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി 18 ന് നാടിനു സമര്‍പ്പിക്കും

 

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ ഉപ കേന്ദ്രങ്ങള്‍  ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറുന്നതിന്റെ  സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 18ന് രാവിലെ 11 മണിക്ക്  ഓണ്‍ലൈനില്‍ നിര്‍വഹിക്കും. യോഗത്തില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ജനകീയ ആരോഗ്യ കേന്ദ്രമായി മാറുന്നതിലൂടെ ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി ജന സൗഹൃദ സ്ഥാപനങ്ങള്‍ ആക്കി മാറ്റും.

പത്തനംതിട്ട ജില്ലയിലെ  മാന്തുക, കുറിച്ചിമുട്ടം, പൂവത്തൂര്‍ ,മേത്താനം,തുവയൂര്‍ സൗത്ത്, വള്ളംകുളം, ഏഴംകുളം, നാരങ്ങാനം, ഐരവണ്‍, കല്ലുങ്കല്‍, പെരിങ്ങര, ആലംതുരുത്തി എന്നീ സബ് സെന്ററുകള്‍ ആണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആയി മാറുന്നത്. പ്രദേശത്തെ എല്ലാ ആളുകളുടെയും വാര്‍ഷിക ആരോഗ്യ പരിശോധന നടത്തുക,വാര്‍ഷിക ആരോഗ്യ പരിശോധനയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിനുള്ള കാമ്പയിനുകളും ഇടപെടലുകളും നടത്തുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

കുടുംബ ക്ഷേമ പരിപാടികള്‍, ഗര്‍ഭകാലപരിചരണം, മാതൃശിശു ആരോഗ്യം എന്നിവയില്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുക, പ്രാദേശിക ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് കൊണ്ട് എല്ലാ വിഭാഗം ആളുകളുടെയും  പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന വിഭാഗങ്ങളുടെയും  (മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ഗോത്രവിഭാഗക്കാര്‍, അതിദരിദ്രര്‍, തീരദേശവാസികള്‍) ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തുക ,പകര്‍ച്ചവ്യാധികള്‍, പകര്‍ച്ചേതരവ്യാധികള്‍, ജീവിതശൈലിരോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ വേണ്ടി ജനങ്ങളില്‍ ആരോഗ്യകരമായ ജീവിതരീതികള്‍ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുക എന്നിവയും ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കും.പൊതുജന പങ്കാളിത്തത്തോടെ രോഗികളെ മാനസികവും സാമൂഹികവുമായി  പുനരധിവസിപ്പിക്കുന്നതിന് വേണ്ട സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക,കിടപ്പിലായവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും വയോജനങ്ങള്‍ക്കും വേണ്ട ആരോഗ്യ സേവനങ്ങള്‍ ഏകോപിപ്പിക്കുക  തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കാന്‍ സാധിക്കും.

രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെ തുറന്നു പ്രവര്‍ത്തിക്കും .ജെ എച്ച് ഐ , ജെ പി എച്ച് എന്‍ , ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുറമേ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (എംഎല്‍എസ്പി) കൂടി വരുന്നതോടെ കൂടുതല്‍ സേവനങ്ങള്‍ ഉപകേന്ദ്രങ്ങള്‍ വഴി നല്‍കാന്‍ സാധിക്കും. എംഎല്‍എസ്പി വഴി ക്ലിനിക്കല്‍ സേവനങ്ങള്‍ കൂടി ഉപകേന്ദ്ര തലത്തില്‍ നല്‍കുന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രാദേശിക പരിപാടിയില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. കെ.യു ജനീഷ് കുമാര്‍, അഡ്വ.മാത്യു ടി തോമസ്, അഡ്വ. പ്രമോദ് നാരായണ്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍  എന്നിവര്‍ പങ്കെടുക്കും.