പിഎസ്എസ്സി ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 'സാങ്കേതിക പിഴവ്' വാദം തള്ളി ക്രൈംബ്രാഞ്ച്; ഉദ്യോഗസ്ഥ വീഴ്ചയെന്ന് കണ്ടെത്തൽ
സംസ്ഥാന ആസൂത്രണബോർഡ് പരീക്ഷയിലെ മൂല്യനിർണയ ക്രമക്കേട് സാങ്കേതിക പിഴവാണെന്ന പിഎസ്സി (PSC) വാദം തള്ളി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (SIT). 58 മാർക്കിന്റെ ചോദ്യങ്ങൾക്ക് മൂല്യനിർണയം നടത്താത്തത് ഗുരുതരമായ ഉദ്യോഗസ്ഥ വീഴ്ചയാണെന്ന് ഡെമോ മൂല്യനിർണയത്തിലൂടെ അന്വേഷണ സംഘം കണ്ടെത്തി. അടിയന്തര സാങ്കേതിക തകരാറാണ് സംഭവിച്ചതെന്നായിരുന്നു പിഎസ്സി ചെയർമാൻ ഉൾപ്പെടെയുള്ളവരുടെ പ്രധാന വാദം.
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണബോർഡ് പരീക്ഷയിലെ മൂല്യനിർണയ ക്രമക്കേട് സാങ്കേതിക പിഴവാണെന്ന പിഎസ്സി (PSC) വാദം തള്ളി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (SIT). 58 മാർക്കിന്റെ ചോദ്യങ്ങൾക്ക് മൂല്യനിർണയം നടത്താത്തത് ഗുരുതരമായ ഉദ്യോഗസ്ഥ വീഴ്ചയാണെന്ന് ഡെമോ മൂല്യനിർണയത്തിലൂടെ അന്വേഷണ സംഘം കണ്ടെത്തി. അടിയന്തര സാങ്കേതിക തകരാറാണ് സംഭവിച്ചതെന്നായിരുന്നു പിഎസ്സി ചെയർമാൻ ഉൾപ്പെടെയുള്ളവരുടെ പ്രധാന വാദം.
പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരി മൊഴി ആവർത്തിച്ച സാഹചര്യത്തിൽ, കൂടുതൽ ഉദ്യോഗസ്ഥരെയും പിഎസ്സി അംഗങ്ങളെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ഹാജരാകാൻ പിഎസ്സി ചെയർമാൻ എം.ആർ. ബൈജുവിനോട് എസ്ഐടി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല.
കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളിൽ പിഎസ്സി ഉദ്യോഗസ്ഥരെ വിളിപ്പിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ചെയർമാൻ എം.ആർ. ബൈജു ഏകപക്ഷീയമായി കൈക്കൊള്ളുന്ന തീരുമാനങ്ങളാണ് സ്ഥാപനത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് പിഎസ്സി സെക്രട്ടറി സാജു ജോർജ് മൊഴി നൽകിയിട്ടുണ്ട്.അതേസമയം, ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ വലിയ ക്രമക്കേടുകൾ വ്യക്തമായിട്ടും പിഎസ്സി ഇതുവരെ നിയമനം റദ്ദാക്കിയിട്ടില്ല. പഴയ റാങ്ക് ലിസ്റ്റ് റദ്ദാക്കി പുതിയ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും ആദ്യ ലിസ്റ്റിലൂടെ ജോലിയിൽ പ്രവേശിച്ച അരുൺ ജെ. പ്രതാപ് സർവീസിൽ തുടരുകയാണ്. ഇയാളെ തസ്തികയിൽ നിന്ന് മാറ്റുന്ന കാര്യത്തിൽ പിഎസ്സി ഉടനടി നടപടിയെടുക്കില്ലെന്നാണ് സൂചന.