പി.എസ്.സി നിയമന ക്രമക്കേട്: രണ്ടു കേസുകൾ കൂടി രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്; ചെയർമാനെ ചോദ്യം ചെയ്തേക്കും
പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലെ നിയമനങ്ങളിൽ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണ സംഘം പുതിയ കേസുകൾ എടുത്തത്. നേരത്തെ ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയിലേക്കുള്ള നിയമന ക്രമക്കേടിൽ അന്വേഷണം നടന്നിരുന്നു.
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലെ നിയമനങ്ങളിൽ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണ സംഘം പുതിയ കേസുകൾ എടുത്തത്. നേരത്തെ ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയിലേക്കുള്ള നിയമന ക്രമക്കേടിൽ അന്വേഷണം നടന്നിരുന്നു. ഇതിനുപുറമെ ഖാദി ബോർഡ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിലേക്ക് നടന്ന പരീക്ഷകളിലും അഭിമുഖങ്ങളിലും തിരിമറി നടന്നിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. പി.എസ്.സി പരീക്ഷകൾ, അഭിമുഖങ്ങൾ, ഉത്തരക്കടലാസ് മൂല്യനിർണ്ണയം എന്നിവയുമായി ബന്ധപ്പെട്ട് നിലവിൽ 190-ഓളം പരാതികൾ ക്രൈംബ്രാഞ്ചിന് മുന്നിലുണ്ട്. ഇതിൽ 180-ലധികം പരാതികളും ഡി.ജി.പിക്കാണ് ലഭിച്ചത്.
കേസ് അന്വേഷണം മന്ദഗതിയിലായതിൽ സർക്കാരിനും പി.എസ്.സിക്കുമെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതോടെ അന്വേഷണം ഐ.ജി എസ്. അജീത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) ഊർജ്ജിതമാക്കി. ചോദ്യം ചെയ്യലിന് ഹാജരാകാൻ പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ബുധനാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദേശം. കഴിഞ്ഞ ദിവസം പി.എസ്.സി അംഗങ്ങളായ എസ്. ശ്രീകുമാർ, എസ്.എ. സൈഫ് എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിൽ രണ്ട് അംഗങ്ങൾ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും.
അതിനിടെ, ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയിലെ മാർക്ക് ചെയർമാൻ മുൻകൂട്ടി അറിഞ്ഞിരിക്കാൻ സാധ്യതയുണ്ടെന്ന് ചോദ്യം ചെയ്യലിൽ പി.എസ്.സി അംഗങ്ങളിൽ നിന്ന് ലഭിച്ച മൊഴിയിൽ വ്യക്തമാക്കുന്നു. പല പരീക്ഷകളുടെയും മാർക്ക് ചെയർമാൻ ഉദ്യോഗസ്ഥരോട് ചോദിക്കാറുണ്ടെന്നും അന്വേഷണ സംഘത്തിന് വിവര ലഭിച്ചിട്ടുണ്ട്. എന്നാൽ, തങ്ങൾ അഭിമുഖ പാനലിൽ മാത്രമാണ് ഇടപെട്ടിട്ടുള്ളതെന്ന് ചോദ്യം ചെയ്യപ്പെട്ട അംഗങ്ങൾ വ്യക്തമാക്കി. 16 വർഷം മുമ്പ് നടന്ന എസ്.ഐ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കൊല്ലം മുണ്ടക്കൽ സ്വദേശി ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതിയിലും അന്വേഷണം നടന്നേക്കും. വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.