പി.എസ്.സി നിയമന ക്രമക്കേട്: ചെയർമാനും അംഗങ്ങളും പ്രതിപ്പട്ടികയിൽ

കേരള പബ്ലിക് സർവീസ് കമ്മീഷനിലെ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്കുള്ള നിയമനത്തിൽ ക്രമക്കേട് നടന്നെന്ന കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെയും കമ്മീഷൻ

 

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനിലെ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്കുള്ള നിയമനത്തിൽ ക്രമക്കേട് നടന്നെന്ന കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെയും കമ്മീഷൻ അംഗങ്ങളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച്. പരീക്ഷയിലും റാങ്ക് പട്ടിക തയ്യാറാക്കുന്നതിലും ഇടപെടൽ നടത്തി അനർഹരായവർക്ക് ഉയർന്ന റാങ്ക് ലഭ്യമാക്കിയെന്നാണ് എഫ്.ഐ.ആറിലെ ആരോപണം.

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസുമായി ബന്ധപ്പെട്ട ഉദ്യോഗാർഥികൾക്ക് അനർഹമായ ആനുകൂല്യം ലഭിച്ചെന്ന പരാതിയിലാണ് അന്വേഷണം. നിയമന പട്ടികയിൽ ഉൾപ്പെട്ട 42 പേരിൽ 38 പേരും ഫിഷറീസ് സർവകലാശാലയുമായി ബന്ധപ്പെട്ടവരാണെന്ന കണ്ടെത്തലും അന്വേഷണത്തിൽ നിർണായകമായി.

അതേസമയം, സ്റ്റേറ്റ് പ്ലാനിങ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ ക്രമക്കേട് കേസിൽ പി.എസ്.സി അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നേരത്തെ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെയും അറസ്റ്റ് ചെയ്തിരുന്നു.

പി.എസ്.സി സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും കമ്മീഷൻ അംഗങ്ങളെയും ചോദ്യം ചെയ്യാനുള്ള നടപടികൾ അന്വേഷണസംഘം തുടരുകയാണ്. കൂടുതൽ ഉദ്യോഗസ്ഥർ അന്വേഷണ പരിധിയിലേക്ക് വരുമെന്നാണ് സൂചന.പി.എസ്.സി പോലൊരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന സംഭവത്തിൽ അന്വേഷണം കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.