പി.എസ്.സി പരീക്ഷാ ക്രമക്കേട് ; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം
പി.എസ്.സിയിലെ പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. ഉയർന്നുവന്ന ആരോപണങ്ങളെല്ലാം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം: പി.എസ്.സിയിലെ പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. ഉയർന്നുവന്ന ആരോപണങ്ങളെല്ലാം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ക്രൈംബ്രാഞ്ച് ഐ.ജി അജിതാ ബീഗത്തിൻറെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ഇതിന് ആഭ്യന്തര വകുപ്പ് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കും. പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് പി.എസ്.സിയിലെ ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
ആഭ്യന്തര അന്വേഷണം അട്ടിമറിക്കാൻ പി.എസ്.സി ചെയർമാൻ ഇടപെട്ടെന്ന ആരോപണവും ഉയർന്നിരുന്നു. പി.എസ്.സിയിലെ പരീക്ഷ ക്രമക്കേടുകൾ സംബന്ധിച്ച് ഞെട്ടിക്കുന്ന ആരോപണങ്ങളാണ് പുറത്തുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഴുത്തുപരീക്ഷയിലെ മാർക്ക് ഇൻറർവ്യൂ നടത്തുന്നവർ അറിയരുത്. പല ഇൻറർവ്യൂകളും നടന്നത് പരീക്ഷയുടെ മാർക്ക് അറിഞ്ഞിട്ടാണെന്നും മാർക്ക് കൂടിയവരെ മറികടക്കാൻ ഇൻറർവ്യൂവിലടക്കം മാർക്ക് കൂട്ടിനൽകിയെന്നതുൾപ്പെടെ ആരോപണങ്ങൾ വന്നിട്ടുണ്ട്. ഇതുൾപ്പെടെ എല്ലാ ആരോപണങ്ങളും പരിശോധിക്കും.
അന്വേഷണ സംഘം സംബന്ധിച്ച് ആഭ്യന്തര വകുപ്പ് തീരുമാനമെടുക്കും. ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ പ്രതീക്ഷയും സ്വപ്നവുമാണ് പി.എസ്.സി. ചോദ്യങ്ങളിലെ ക്രമക്കേടുകൾ, മാർക്കിടുന്നതിലെ ക്രമക്കേടുകൾ എന്നിവയടക്കം നിരവധി ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. കെ.എ.എസ് പരീക്ഷയെകുറിച്ചും ഗുരുതര ആരോപണങ്ങളുണ്ട്. വസ്തുനിഷ്ഠ അന്വേഷണം നടക്കാതെ നിഗമനത്തിലെത്താനാവില്ല. ഒരു സ്ഥാപനത്തിൻറെ വിശ്വാസ്യത നശിപ്പിക്കാൻ സർക്കാർ ഒന്നും ചെയ്യില്ല. പക്ഷേ, പരാതികൾ അന്വേഷിക്കും-മുഖ്യമന്ത്രി വ്യക്തമാക്കി.