പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തി, അറസ്റ്റ് നോട്ടീസില്‍ വിവരങ്ങള്‍

കോടതിയില്‍ ഹാജരാക്കിയ ഇരുപ്രതികളെയും തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലേക്ക് മാറ്റി.

 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും, ബോര്‍ഡ് അംഗമായിരുന്ന സിപിഐ നേതാവ് അജികുമാറും നിലവില്‍ റിമാന്‍ഡിലാണ്.

ദ്വാരപാലക പീഠപാളികള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന് നല്‍കുന്നതിന് പിഎസ് പ്രശാന്തും, അജികുമാറും ഉള്‍പ്പെടെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാക്കുന്ന അറസ്റ്റ് നോട്ടീസിലെ വിവരങ്ങളും പുറത്ത്. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും, ബോര്‍ഡ് അംഗമായിരുന്ന സിപിഐ നേതാവ് അജികുമാറും നിലവില്‍ റിമാന്‍ഡിലാണ്. കോടതിയില്‍ ഹാജരാക്കിയ ഇരുപ്രതികളെയും തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലേക്ക് മാറ്റി.


2019-ല്‍ നടന്ന സ്വര്‍ണ്ണ അപഹരണം മറച്ചുവെക്കാന്‍ ഒത്താശ ചെയ്യുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ബോധപൂര്‍വ്വം വീഴ്ച വരുത്തുകയും ചെയ്തതായി എസ്‌ഐടി കണ്ടെത്തുകയായിരുന്നു. ദ്വാരപാലക പീഠപാളികളില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണം അപഹരിക്കാന്‍ അവസരമൊരുക്കിയ ഇവര്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്കും 12ാം പ്രതി പങ്കജ് ഭണ്ഡാരിക്കും അനര്‍ഹമായ ലാഭമുണ്ടാക്കാന്‍ അവസരം നല്‍കി. ഇതിലൂടെ ദേവസ്വം ബോര്‍ഡിനെയും ശബരിമല ക്ഷേത്രത്തെയും ചതിക്കുകയും വിശ്വാസവഞ്ചനയിലൂടെ അന്യായമായ നഷ്ടം വരുത്തുകയും ചെയ്തതായി അറസ്റ്റ് നോട്ടീസില്‍ പറയുന്നു.

ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ 2025ല്‍ ദ്വാരപാലക പാളികള്‍ സ്വര്‍ണ്ണം പൂശാന്‍ പുറത്തേക്ക് കൊണ്ടുപോയതിനാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം അറസ്റ്റ് ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. കരകുളത്തെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത പ്രശാന്തിന്റെ അറസ്റ്റ് കൊല്ലം പോലീസ് ക്ലബ്ബില്‍ വെച്ചാണ് രേഖപ്പെടുത്തിയത്. താന്‍ നിരപരാധിയാണെന്നും സാങ്കേതിക പിഴവ് മാത്രമാണ് സംഭവിച്ചതെന്നും പ്രശാന്ത് പ്രതികരിച്ചു.