ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക് ; വിധി അന്തിമം അല്ല, അതിജീവിതക്കൊപ്പമെന്ന് മുൻ ഡിജിപി ബി സന്ധ്യ 

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും. എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയുടെ

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും. എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയുടെ വിധി പരിശോധിച്ച് തുടർ നടപടിയെടുക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അജകുമാർ പറഞ്ഞു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾ മാത്രമാണെന്നാണ് കോടതി കണ്ടെത്തിയത്. കേസിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. ക്രിമിനൽ ഗൂഢാലോചന തെളിയാകാൻ പ്രോസിക്യൂഷനു തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നാണ് കോടതി വിധിയിൽ പറഞ്ഞത്. ശിക്ഷാ വിധിയിൽ 12ന് വാദം നടക്കാനിരിക്കെയാണ് ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കിയത്. വിധി അന്തിമം അല്ലെന്നും മേൽകോടതികളുണ്ടെന്നും അന്ന് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച  മുൻ ഡിജിപി ബി സന്ധ്യ പ്രതികരിച്ചു. 

കേസിലെ കൂട്ട ബലാത്സംഗം തെളിഞ്ഞെന്നും അന്വേഷണ സംഘം മികച്ച രീതിയിലാണ് ജോലി ചെയ്തെന്നും പ്രോസിക്യൂഷനും നല്ല ജോലി ചെയ്തുവെന്നും ബി സന്ധ്യ പറഞ്ഞു. നിരവധി വെല്ലുവിളികളാണ് വിചാരണ വേളയിൽ നേരിട്ടത്. അതിജീവിതക്കൊപ്പം ഇനിയും അന്വേഷണ സംഘം ഉണ്ടാകും. ഈ വിധി അന്തിമ വിധിയല്ല. മേൽകോടതികളുണ്ടെന്നും ബി സന്ധ്യ പറഞ്ഞു. ഈ കേസിലൂടെ കേരളവും കേരളത്തിലെ സിനിമാ മേഖലയിലും പോസിറ്റീവായ ഒരുപാട് മാറ്റങ്ങളുണ്ടായെന്നാണ് വിശ്വസിക്കുന്നത്. അന്തിമ വിധി വരുന്നതുവരെ അതിജീവിതക്കൊപ്പം പ്രോസിക്യൂഷനും ഉണ്ടാകും. തുടർ നടപടികളുമായി മുന്നോട്ടുപോകും.

അൽപ്പസമയം മുമ്പാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചത്. നീണ്ട ആറുവർഷത്തെ വിചാരണക്കുശേഷമാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളായ പൾസർ സുനി,മാർട്ടിൻ ആൻറണി, ബി മണികണ്ഠൻ, വിപി വിജീഷ്, എച്ച് സലീം, പ്രദീപ് എന്നിവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി തെളിഞ്ഞു. ഏഴാം പ്രതിയായ ചാർളി തോമസ് (പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചയാൾ), എട്ടാം പ്രതി ദിലീപ് (കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി), ഒമ്പതാം പ്രതി സനൽകുമാർ (പ്രതികളെ ജയിലിൽ സഹായിച്ചയാൾ), പത്താം പ്രതി ശരത് ജി നായർ എന്നിവരെയാണ് വെറുതെ വിട്ടത്.