ഭക്ഷണവും ഉത്പന്നങ്ങളും സേവനങ്ങളും ഓൺലൈൻ വഴി വീട്ടിലെത്തും ; കുടുംബശ്രീ 'പോക്കറ്റ് മാർട്ട് വരുന്നു
കുടുംബശ്രീ 'പോക്കറ്റ് മാര്‍ട്ട്' ഉപയോഗിച്ച് ഉത്പന്നങ്ങള്‍, ഭക്ഷണങ്ങള്‍, സേവനങ്ങള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി വീട്ടിലെത്തിക്കും. ഷിപ്പ് റോക്കറ്റ് എന്ന ഡെലിവറി ഏജന്‍സിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെ നിലവില്‍ വരും
തൃശ്ശൂര്‍: കുടുംബശ്രീ 'പോക്കറ്റ് മാര്‍ട്ട്' ഉപയോഗിച്ച് ഉത്പന്നങ്ങള്‍, ഭക്ഷണങ്ങള്‍, സേവനങ്ങള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി വീട്ടിലെത്തിക്കും. ഷിപ്പ് റോക്കറ്റ് എന്ന ഡെലിവറി ഏജന്‍സിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെ നിലവില്‍ വരും. ഇതോടെ ജനങ്ങള്‍ക്ക് സംസ്ഥാനത്ത് എവിടെനിന്നും കുടുംബശ്രീ ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. സ്ത്രീ സംരംഭകരുടെ ഉത്പന്നങ്ങളുടെ വിപണന സാധ്യത വര്‍ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗപ്രദമാവും.
വിവിധ സേവനങ്ങളും ആപ്പ് വഴി ആവശ്യക്കാരിലേയ്‌ക്കെത്തും. അവശതയുള്ളവര്‍ക്കുള്ള പരിചരണവുമായി കെ ഫോര്‍ കെയര്‍ സന്നദ്ധപ്രവര്‍ത്തകരുടെ സേവനവും ക്വിക്ക് സര്‍വിലൂടെ ലഭിക്കും. അടുക്കളക്കാര്യം മുതല്‍ പ്രസവശുശ്രൂഷ വരെയുള്ള സഹായവും തേടാം. സ്‌നേഹിത, കൗണ്‍സിലിങ് ഉള്‍പ്പെടുന്ന ജെന്‍ഡര്‍ സര്‍വീസുകള്‍, ഇ സേവാ കേന്ദ്ര, കണ്‍സ്ട്രക്ഷന്‍ യൂണിറ്റ്, ഇവന്റ് മാനേജ്‌മെന്റ് എന്നിവയും ഉണ്ടാകും.
5000 ഓണം ഗിഫ്റ്റ് പാക്കറ്റുകളായാണ് ആദ്യ ഓണ്‍ലൈന്‍ വിപണിയൊരുക്കുന്നത്. ചിപ്‌സ്, ശര്‍ക്കരവരട്ടി, പായസം മിക്‌സ് തുടങ്ങിയ എട്ട് ഇനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുടുംബശ്രീ കണ്ണൂര്‍ കണ്‍സോര്‍ഷ്യം, തൃശ്ശൂര്‍ കുടുംബശ്രീ ബസാര്‍ എന്നിവര്‍ക്കാണ് വിതരണച്ചുമതല.