വയനാട് ദുരന്തത്തെ കുറിച്ചായിരിക്കും പ്രിയങ്ക ഗാന്ധി പാര്‍ലമെന്‍റില്‍ ആദ്യം ഉന്നയിക്കുക : കെ.സി വേണുഗോപാൽ
വയനാട് ദുരന്തത്തെ കുറിച്ചായിരിക്കും നിയുക്ത എം.പി പ്രിയങ്ക ഗാന്ധി ആദ്യം പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.
ന്യൂഡൽഹി : വയനാട് ദുരന്തത്തെ കുറിച്ചായിരിക്കും നിയുക്ത എം.പി പ്രിയങ്ക ഗാന്ധി ആദ്യം പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ദുരന്തത്തിൽ കേന്ദ്രസർക്കാർ സഹായം നൽകാത്ത വിഷയമാണ് ഉന്നയിക്കുക. മണ്ഡലത്തിന് പ്രയോജനകരമായ ഇടപെടലും പ്രവർത്തനങ്ങളും പ്രിയങ്ക നടത്തുമെന്നും വേണുഗോപാൽ വ്യക്തമാക്കി.
പ്രിയങ്കയുടെ ഭൂരിപക്ഷത്തിന്‍റെ ക്രെഡിറ്റ് എല്ലാവർക്കുമാണ്. ഭൂരിപക്ഷം കുറയുമോ എന്ന ആശങ്ക ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ, പാർട്ടിയുടെ കണക്ക് ശരിയായി. കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ ഒരുപോലെ പ്രവർത്തിച്ചെന്നും വേണുഗോപാൽ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ പരാജയത്തിന്‍റെ കാരണങ്ങൾ കൂട്ടായി പരിശോധിക്കും. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മാത്രമല്ല മഹാവികാസ് അഘാഡിയിലെ എല്ലാ കക്ഷികൾക്കും ഉണ്ടായിട്ടുണ്ട്. സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവ് സർജിക്കൽ സ്ട്രൈക്ക് ആയിരുന്നുവെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.