തിരഞ്ഞെടുപ്പ് പ്രക്രിയയിൽ തന്നെ ക്രമക്കേടുകളോ കൃത്രിമങ്ങളോ നടക്കുന്നുവെങ്കിൽ അത് ജനാധിപത്യത്തിന് ഗുരുതര ഭീഷണിയാണ് ; പ്രിയങ്ക ഗാന്ധി

 തിരഞ്ഞെടുപ്പ് പ്രക്രിയയിൽ തന്നെ ക്രമക്കേടുകളോ കൃത്രിമങ്ങളോ നടക്കുന്നുവെങ്കിൽ അത് ജനാധിപത്യത്തിന് ഗുരുതര ഭീഷണിയാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. നിലമ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെക്കുറിച്ച് അവർ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചത്.

 

 തിരഞ്ഞെടുപ്പ് പ്രക്രിയയിൽ തന്നെ ക്രമക്കേടുകളോ കൃത്രിമങ്ങളോ നടക്കുന്നുവെങ്കിൽ അത് ജനാധിപത്യത്തിന് ഗുരുതര ഭീഷണിയാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. നിലമ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെക്കുറിച്ച് അവർ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് നീതിപൂർവമല്ലാതാകുകയും അതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ സഹായം നൽകുകയും ചെയ്യുന്ന സാഹചര്യമുണ്ടെങ്കിൽ വിഷയം അതീവ ഗൗരവത്തോടെ കാണണമെന്നും പ്രിയങ്ക പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതവും അനീതിയും സംബന്ധിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിരന്തരം ഉന്നയിച്ചുവരുന്ന വിഷയങ്ങൾ ഇപ്പോൾ മാധ്യമങ്ങളിലൂടെയും പുറത്തുവരികയാണെന്ന് പ്രിയങ്ക പറഞ്ഞു. വോട്ടർ പട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ തന്നെ ചില വിഷയങ്ങൾ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന റിപ്പോർട്ടുകളും അവർ ചൂണ്ടിക്കാട്ടി. വോട്ടർ പട്ടികയിൽ കൃത്രിമം നടത്തുക, ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുക തുടങ്ങിയ ആരോപണങ്ങൾ മഹാരാഷ്ട്ര, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളിലും ഉയർന്നുവന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.

 ഇത്തരം ആരോപണങ്ങൾ ശരിയാണെന്ന് തെളിയുകയാണെങ്കിൽ ഉത്തരവാദികളായവർക്കെതിരെ കൃത്യമായ നടപടിയുണ്ടാകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. അന്വേഷണം ശരിയായ നടപടിക്രമം പാലിച്ചും പൊതുജനങ്ങൾക്ക് വിശ്വാസം ഉണ്ടാകുന്ന തരത്തിലും നടത്തണം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം ക്രമക്കേടുകൾക്ക് സഹായം നൽകുകയും, അതിനെക്കുറിച്ച് കമ്മീഷണർക്ക് അറിവുണ്ടായിട്ടും അത് അനുവദിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് ജനാധിപത്യത്തിന് ഗുരുതരമായ ആഘാതമാണെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം, വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട രാജ്യവ്യാപക പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളത്.

അതിനിടെ, നിലമ്പൂർ സന്ദർശനത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി ബുധനാഴ്ച ഉച്ചയോടെ പോത്തുകല്ല് അപ്പൻകാപ്പ് ഉന്നതിയിലെത്തി. ചോക്കാട് കോട്ടപ്പുഴ മലവെള്ളപ്പാച്ചിലിൽ മരിച്ച സജിതയുടെ മുണ്ടേരി അപ്പൻകാപ്പിലെ വീട്ടിലെത്തിയ അവർ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. കുടുംബത്തിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് പ്രിയങ്ക മടങ്ങിയത്. നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്തും ഒപ്പമുണ്ടായിരുന്നു.