പ്രിയദർശിനി സൗജന്യ യാത്ര; ആളുകൾ കൂടിയതോടെ അപകട മുന്നറിയിപ്പ് നൽകി ജീവനക്കാർ
പ്രിയദർശിനി സൗജന്യ യാത്രയിൽ ആളുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ അപകട മുന്നറിയിപ്പ് നൽകുകയാണ് ജീവനക്കാർ. അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസിലെ ജീവനക്കാരാണ് മുന്നറിയിപ്പുമായി എത്തിയത്. 64 യാത്രക്കാരെ കയറ്റാൻ അനുമതിയുള്ള ബസിൽ നിലവിൽ 100 മുതൽ 120 പേർ വരെയാണ് ഒരേ സമയം യാത്രചെയ്യുന്നത്.
ചാലക്കുടി: പ്രിയദർശിനി സൗജന്യ യാത്രയിൽ ആളുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ അപകട മുന്നറിയിപ്പ് നൽകുകയാണ് ജീവനക്കാർ. അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസിലെ ജീവനക്കാരാണ് മുന്നറിയിപ്പുമായി എത്തിയത്. 64 യാത്രക്കാരെ കയറ്റാൻ അനുമതിയുള്ള ബസിൽ നിലവിൽ 100 മുതൽ 120 പേർ വരെയാണ് ഒരേ സമയം യാത്രചെയ്യുന്നത്.
അതിരപ്പിള്ളി മുതൽ മലക്കപ്പാറവരെ 70 കിലോ മീറ്റർ റോഡിന്‍റെ ഒരു വശം കൊക്കയുള്ള ഒറ്റവരി പാതയാണ്. ഇതിൽ 9 ഹെയർപിൻ വളവുകളുമുണ്ട്. ഇവിടെ ബസ് തിരിക്കാൻ വളരെ പ്രയാസമാണ്. പലപ്പോഴും ബസ് പിന്നിലേക്കെടുക്കേണ്ടതായ അവസ്ഥവരും. അമിത ഭാരം കാരണം ഈ സമയത്ത് ബ്രേക്ക് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്.
നിലവിൽ 4 ബസുകൾ മാത്രമാണ് അതിരപ്പള്ളി - മലക്കപ്പാറ റൂട്ടിലോടുന്നത്. ഇവയെല്ലാം 15 വർഷത്തിന് മുകളിൽ പഴക്കമുള്ള ബസുകളാണ്. കൂടുതൽ സർവീസുകൾ കൊണ്ടുവരണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. മാത്രമല്ല, ബസുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ഇത് സംബന്ധിച്ച് ഇൻഡിപെൻഡൻസ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ ഗതാഗതമന്ത്രിക്കും ട്രാൻസ്പോർട്ട് സിഎംഡിക്കും ചാലക്കുടി യൂണിറ്റ് അധികാരിക്കും കത്തു നൽകിയിട്ടുണ്ട്.