പ്രിയ വർഗീസിന്റെ നിയമനക്കേസ്: സുപ്രീം കോടതി വിധി പറയാൻ മാറ്റി; വാദം പൂർത്തിയായി
പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ വാദം പൂർത്തിയാക്കി സുപ്രീം കോടതി വിധി പറയാൻ മാറ്റി. സർവകലാശാലയിലെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപ്പീലുകളിലാണ് കോടതി വാദം കേട്ടത്. തന്റെ യോഗ്യത സംബന്ധിച്ച വിവരങ്ങൾ പട്ടികയായി നൽകാൻ പ്രിയ വർഗീസിനോട് കോടതി നിർദേശിച്ചു.
ന്യൂഡൽഹി: പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ വാദം പൂർത്തിയാക്കി സുപ്രീം കോടതി വിധി പറയാൻ മാറ്റി. സർവകലാശാലയിലെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപ്പീലുകളിലാണ് കോടതി വാദം കേട്ടത്. തന്റെ യോഗ്യത സംബന്ധിച്ച വിവരങ്ങൾ പട്ടികയായി നൽകാൻ പ്രിയ വർഗീസിനോട് കോടതി നിർദേശിച്ചു. ഇതിന് ഹർജിക്കാരനായ ഡോ. ജോസഫ് സ്കറിയ ഒരാഴ്ചയ്ക്കകം മറുപടി നൽകണം.അധ്യാപന ചുമതലയോടെയാണ് ഗവേഷണം നടത്തിയതെങ്കിൽ അത് അധ്യാപന പരിചയമായി കണക്കാക്കാമെന്ന് ഹർജിയിൽ വാദം കേൾക്കവേ മുൻപ് സുപ്രീംകോടതി നീരിക്ഷിച്ചിരുന്നു. സർവീസിലിരിക്കെ പ്രത്യേക അവധിയെടുക്കാതെ ഗവേഷണം നടത്തുന്നവർക്ക് ഇതിൽ ഇളവ് നൽകണമെന്നും കോടതി വാക്കാൽ പരാമർശിച്ചിരുന്നു. യുജിസിയും രണ്ടാം റാങ്കുകാരനായ ഡോ. ജോസഫ് സ്കറിയയും സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെയാണ് യുജിസി സുപ്രീംകോടതിയെ സമീപിച്ചത്. റിസർച്ച് കാലയളവും ഡെപ്യൂട്ടേഷൻ കാലയളവും അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു യുജിസിയുടെ പ്രധാന വാദം. അതേസമയം, അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടങ്ങൾ പൂർണമായും പാലിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് കണ്ണൂർ സർവ്വകലാശാല സുപ്രീംകോടതിയിൽ വ്യക്തമാക്കി. സർവകലാശാലയ്ക്കായി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ, സ്റ്റാൻഡിങ് കൗൺസൽ സുൽഫിക്കർ അലി എന്നിവരും യുജിസിക്കായി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജനും ഹാജരായി.