'സ്വകാര്യ സ്‌കൂൾ പോര' കേരളത്തിൽ ഏറ്റവും 'ഹാപ്പി' പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ

 

തൃശ്ശൂർ: കേരളത്തിൽ സ്കൂൾ ജീവിതത്തിൽ ഏറ്റവും സംതൃപ്തർ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പഠനം. രാജ്യത്തെ കുട്ടികളുടെ മാനസികാരോഗ്യത്തെയും പെരുമാറ്റരീതികളെയുംകുറിച്ച് നടത്തിയ സർവേയിലാണ് കണ്ടെത്തൽ.

കേന്ദ്രീയ, നവോദയവിദ്യാലയങ്ങൾ, സ്വകാര്യസ്കൂളുകൾ തുടങ്ങി 10 വിഭാഗങ്ങളിലായാണ് പഠനം. സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികളാണ് സ്കൂൾ ജീവിതത്തിൽ കൂടുതൽ സന്തുഷ്ടർ. ഈ വിഭാഗത്തിലെ 84,705 കുട്ടികളിൽ 79 ശതമാനം പേരും സ്കൂൾ ജീവിതത്തിൽ തൃപ്തരാണ്. സ്കൂളിൽനിന്ന് നേടേണ്ട ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിന്റെ അടയാളമായിട്ടാണ് സംതൃപ്തിയെ കണക്കാക്കിയത്. കേരളത്തിൽ 10,634 കുട്ടികളിലാണ് സർവേ നടന്നത്.

അത്ര പോരാ സ്വകാര്യസ്കൂളുകൾ

സ്വകാര്യസ്കൂളുകളാണ് കുട്ടികൾക്ക് ‘സന്തോഷം’ നൽകുന്നതിൽ ഏറ്റവും പിന്നിൽ. ഇവിടെ പഠിക്കുന്ന 67 ശതമാനമാണ് തൃപ്തർ. കേന്ദ്രീയ വിദ്യാലയങ്ങളിൽ 78 ശതമാനവും നവോദയവിദ്യാലയങ്ങളിൽ 71 ശതമാനവുമാണ് തൃപ്തർ. ഇൗ വിഭാഗത്തിലെ ദേശീയശരാശരി 73 ആണ്.

അക്കാദമിക സംതൃപ്തി (ശതമാനത്തിൽ)

    പൊതുവിദ്യാലയം- 52
    കേന്ദ്രീയ വിദ്യാലയ- 40
    നവോദയ- 39
    സ്വകാര്യസ്കൂൾ- 28

ശ്രദ്ധക്കുറവ് കാരണം പഠനപിന്നാക്കാവസ്ഥ

    പൊതുവിദ്യാലയം- 26
    കേന്ദ്രീയ വിദ്യാലയ- 28
    നവോദയ -30
    സ്വകാര്യ സ്കൂൾ- 29

സഹായിക്കാനുള്ള കുട്ടികളുടെ മനസ്സ്

    പൊതുവിദ്യാലയങ്ങൾ- 55
    കേന്ദ്രീയ വിദ്യാലയ -53
    നവോദയ -49
    സ്വകാര്യസ്കൂൾ -51