ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് പഞ്ചസാര കൈമാറിയ സംഭവം ; ഏഴു സപ്ലൈകോ ജീവനക്കാർക്ക് സസ്‌പെൻഷൻ
ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കിയ ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് പഞ്ചസാര കൈമാറിയ സംഭവത്തിൽ ഏഴു ജീവനക്കാർക്കു കൂടി സസ്‌പെൻഷൻ. ഭക്ഷ്യമന്ത്രി അനുപ് ജേക്കബിന്റെ നിർദേശപ്രകാരമാണ് നടപടി.
കൊച്ചി: ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കിയ ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് പഞ്ചസാര കൈമാറിയ സംഭവത്തിൽ ഏഴു ജീവനക്കാർക്കു കൂടി സസ്‌പെൻഷൻ. ഭക്ഷ്യമന്ത്രി അനുപ് ജേക്കബിന്റെ നിർദേശപ്രകാരമാണ് നടപടി.
കീർത്തി നിർമൽ കമ്പനിക്കാണു പെരുമ്പാവൂർ ഡിപ്പോയിൽനിന്ന് സബ്‌സിഡിയിതര പഞ്ചസാര കൈമാറിയത്. ഡിപ്പോയിലെ മാവേലി കസ്റ്റോഡിയൻ രജീഷ് രവീന്ദ്രനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. സപ്ലൈകോ ഹെഡ് ഓഫിസിലെ ഡെപ്യൂട്ടി മാനേജർ സജീവ് പോൾ, അറക്കപ്പടി മാവേലി സ്റ്റോർ ഔട്ട്‌ലെറ്റ് ഇൻ ചാർജ് അഞ്ജു വിജയൻ, തുറവൂർ മാവേലി സ്റ്റോർ ഔട്ട്‌ലെറ്റ് ഇൻ ചാർജ് എ.എസ്.സന്ധ്യ, പാലിശ്ശേരി മാവേലി സ്റ്റോറിലെ എം.ആർ. ദിവ്യ, പോഞ്ഞാശ്ശേരി വില്പനശാലയിലെ എസ്. സൗമിനി, കറുകുറ്റി മാവേലി സ്റ്റോറിലെ മഞ്ജു ആന്റണി, ശ്രീമൂലനഗരം മാവേലി സ്റ്റോറിലെ എ. ബേസിൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ക്രമക്കേടുകൾ വച്ചുപൊറുപ്പിക്കില്ലെന്നും മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സപ്ലൈകോയുടെ ഓണം ഗിഫ്റ്റ് കാർഡ് പദ്ധതി പ്രകാരം സ്വകാര്യ കമ്പനിക്ക് ആയിരം രൂപയുടെ 1000 കൂപ്പണുകൾ നൽകിയിരുന്നു. ഈ കൂപ്പണുകളുടെ മുഴുവൻ തുകയ്ക്കും സബ്‌സിഡിയിതര പഞ്ചസാര മാത്രം നൽകാനായി മാവേലി കസ്റ്റോഡിയൻ രജീഷ് രവീന്ദ്രൻ ഡിപ്പോയിൽ നിന്ന് തുറവൂർ, പാലിശ്ശേരി, കറുകുറ്റി, ശ്രീമൂലനഗരം, പോഞ്ഞാശ്ശേരി, അറക്കപ്പടി സപ്ലൈകോ വില്പനശാലകളിലേക്ക് പഞ്ചസാര നൽകി ഈ ഔട്ട്‌ലെറ്റുകളിൽ നിന്ന് പഞ്ചസാര ബില്ലടിച്ചു. എന്നാൽ ബില്ലടിക്കാൻ ആവശ്യമായ പഞ്ചസാര ഔട്ട്‌ലെറ്റുകളിലേക്ക് കൈമാറിയതായി രേഖകളിൽ മാത്രമാണ് കാണിച്ചത്. യഥാർഥ സ്റ്റോക്ക് ഡിപ്പോയിൽ സൂക്ഷിച്ചതായും സപ്ലൈകോ വിജിലൻസ് ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
വിപണിയിൽ പഞ്ചസാര വിലയിൽ വലിയ വ്യത്യാസമുള്ള സമയത്ത് സ്വകാര്യ കമ്പനിക്ക് വൻതോതിൽ പഞ്ചസാര വിൽപ്പന നടത്തിയതിനും സ്റ്റോക്ക് ക്രമവിരുദ്ധമായി കൈകാര്യം ചെയ്തതിനുമാണു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തത്.