കോഴിക്കോട് നിയമം കാറ്റിൽപ്പറത്തി സ്വകാര്യബസുകളുടെ മത്സരയോട്ടം  ! മനഃപൂർവം മറ്റൊരു ബസിൽ ഇടിപ്പിച്ച് പരാക്രമം, ബസ് ഡ്രൈവർ അറസ്റ്റിൽ

നിയമം കാറ്റിൽപ്പറത്തി നഗരത്തിൽ സ്വകാര്യബസുകളുടെ മത്സരയോട്ടം . യാത്രക്കാരുടെ ജീവന് പുല്ലുവില കല്പിച്ച് നഗരത്തിൽ സ്വകാര്യബസുകളുടെ പരാക്രമം തുടരുന്നു. സമയത്തെച്ചൊല്ലിയുണ്ടായ വാക്തർക്കം തിരക്കേറിയ സമയത്ത് ഓടുന്ന ബസിൽ മനഃപൂർവം ഇടിപ്പിച്ചാണ് ഡ്രൈവർ തീർത്തത്
 


കോഴിക്കോട്: നിയമം കാറ്റിൽപ്പറത്തി നഗരത്തിൽ സ്വകാര്യബസുകളുടെ മത്സരയോട്ടം . യാത്രക്കാരുടെ ജീവന് പുല്ലുവില കല്പിച്ച് നഗരത്തിൽ സ്വകാര്യബസുകളുടെ പരാക്രമം തുടരുന്നു. സമയത്തെച്ചൊല്ലിയുണ്ടായ വാക്തർക്കം തിരക്കേറിയ സമയത്ത് ഓടുന്ന ബസിൽ മനഃപൂർവം ഇടിപ്പിച്ചാണ് ഡ്രൈവർ തീർത്തത്. ഇതുമായി ബന്ധപ്പെട്ട് പെരുമണ്ണ ചോലയിൽ ഹൗസിൽ കെ.കെ. മജ്റൂഫിനെ(28) പോലീസ് അറസ്റ്റുചെയ്തു.


വ്യാഴാഴ്ച രാവിലെ 10.20-ന് മാനാഞ്ചിറ എസ്ബിഐ ജങ്ഷന് സമീപമുള്ള ബസ്സ്റ്റോപ്പിൽവെച്ചാണ് സംഭവം. ഫറോക്ക്-മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന സിറ്റി ബസ് ഗ്രീൻസിന്റെ ഡ്രൈവറായിരുന്നു മജ്റൂഫ്. സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിനെ മറികടക്കുകയായിരുന്ന മാറാട്-മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന കീർത്തന ബസ്സിലായിരുന്നു മജ്‌റൂഫ്, താനോടിച്ച ബസ് കൊണ്ടിടിച്ചത്. എതിർവശത്തുനിന്ന് ബസും ഇരുചക്രവാഹനങ്ങളും വരുന്നതിനിടയിലായിരുന്നു മജ്‌റൂഫിന്റെ പരാക്രമം.

ഇതിന്റെ വീഡിയോദൃശ്യങ്ങളിൽ യാത്രക്കാർ നിലവിളിക്കുന്നതും കേൾക്കാം. മൂന്ന് ബസിലെയും യാത്രക്കാരുടെയും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ചവരുടെയും ജീവൻകൊണ്ട് പന്താടുകയായിരുന്നു ആ ഡ്രൈവർ. സംഭവത്തിൽ കീർത്തന ബസിന്റെ ഡ്രൈവർ റഫീന്റെ പരാതിയിലാണ് കേസ്. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസെടുത്തതെന്ന് ടൗൺ പ്രിൻസിപ്പൽ എസ്ഐ സി.എസ്. ശ്രീസിത പറഞ്ഞു.

ഇക്കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ നഗരത്തിലുണ്ടായ വാഹനാപകടങ്ങളിൽപ്പട്ടത് ഏഴെണ്ണത്തിൽ അഞ്ചും ബസ്സുകളാണ്. ഡ്രൈവർ ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാൻ വൈദ്യപരിശോധന നടത്തും. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ പറഞ്ഞു. ഇതുപോലുള്ള സംഭവങ്ങളിൽ മുമ്പ് ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരുകയാണെന്നും ഇയാളെപ്പറ്റി വിശദമായ അന്വേഷണം തുടരുകയാണെന്നും വെള്ളിയാഴ്ച ഡ്രൈവറെ അറസ്റ്റുചെയ്ത എസ്ഐ പി. സൂരജ് പറഞ്ഞു.

ശനിയാഴ്ച ഗതാഗതനിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വാഹനഡ്രൈവർമാരുടെപേരിൽ ആറ്ു കേസുകളുണ്ടെന്നും വരുംദിവസങ്ങളിൽ വാഹനപരിശോധന കർശനമാക്കാൻ തീരുമാനിച്ചതായും സിറ്റി ട്രാഫിക് ഇൻസ്പെക്ടർ കെ. അബ്ദുൾ ഹക്കിം അറിയിച്ചു.

ബസ് ജീവനക്കാർ തമ്മിലുള്ള ഇത്തരം തർക്കങ്ങൾ അവർതന്നെ മധ്യസ്ഥതയിലൂടെ തീർക്കുന്നതിനാൽ പലപ്പോഴും പോലീസിന് ഇടപെടാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.