സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക് ; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം നടത്താന്‍ ബസുടമകളുടെ യോഗം തീരുമാനിച്ചു. സമരത്തിനു മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയേയും ഒരു തവണ കൂടി കാണും. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സമാന സംഘടനകളുമായും ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബസുടമ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം നടത്താന്‍ ബസുടമകളുടെ യോഗം തീരുമാനിച്ചു. സമരത്തിനു മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയേയും ഒരു തവണ കൂടി കാണും. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സമാന സംഘടനകളുമായും ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബസുടമ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ സംഘടനകളേയും കൂട്ടിയോജിപ്പിച്ചുകൊണ്ട്, സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും സമരത്തിലേക്ക് നീങ്ങാനാണ് ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ സംസ്ഥാന സമിതി തീരുമാനിച്ചിട്ടുള്ളത്. 

സ്വകാര്യ ബസ് വ്യവസായം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന തരത്തിലുള്ള നിര്‍ദേശങ്ങളൊന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ ഇല്ല. ഇതോടെ സര്‍വീസ് നിര്‍ത്തിവെക്കേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക എന്ന ആവശ്യം കഴിഞ്ഞ 15 വര്‍ഷമായി ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. 2022 ല്‍ നിശ്ചയിച്ച ബസുകളിലെ മിനിമം യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ഡീസലിന് സബ്ഡിസി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉയര്‍ത്തുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നിലപാട് അറിഞ്ഞശേഷം സമരത്തില്‍ തീരുമാനം കൈക്കൊള്ളുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.