റോങ് സൈഡിലൂടെ കയറിയ സ്വകാര്യ ബസിന് നാട്ടുകാരുടെ വക 'എട്ടിന്റെ പണി'
ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി റോങ്ങ് സൈഡിലൂടെ കയറിവന്ന സ്വകാര്യ ബസ് ഡ്രൈവർക്ക് മറ്റു വാഹന യാത്രക്കാരും നാട്ടുകാരും ചേർന്ന് കൊടുത്തത് എട്ടിൻ്റെ പണി. നൂറുകണക്കിന് വാഹനങ്ങൾ സിഗ്നൽ കാത്തു കിടക്കുമ്പോൾ റോങ് സൈഡിലൂടെ കയറിവന്ന ബസ് പിന്നിലേക്ക് എടുപ്പിച്ചത് 50 മീറ്ററോളം ദൂരം. തിരുവല്ല - മല്ലപ്പള്ളി റോഡിൽ തിരുവല്ല ബൈപ്പാസ് സിഗ്നൽ ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോ
തിരുവല്ല : ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി റോങ്ങ് സൈഡിലൂടെ കയറിവന്ന സ്വകാര്യ ബസ് ഡ്രൈവർക്ക് മറ്റു വാഹന യാത്രക്കാരും നാട്ടുകാരും ചേർന്ന് കൊടുത്തത് എട്ടിൻ്റെ പണി. നൂറുകണക്കിന് വാഹനങ്ങൾ സിഗ്നൽ കാത്തു കിടക്കുമ്പോൾ റോങ് സൈഡിലൂടെ കയറിവന്ന ബസ് പിന്നിലേക്ക് എടുപ്പിച്ചത് 50 മീറ്ററോളം ദൂരം. തിരുവല്ല - മല്ലപ്പള്ളി റോഡിൽ തിരുവല്ല ബൈപ്പാസ് സിഗ്നൽ ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. റോഡിന് വീതി വളരെ കുറവായ മല്ലപ്പള്ളി ഭാഗത്ത് നിന്നും തിരുവല്ലയിലേക്ക് വന്ന തിരുവമ്പാടി ബസ് ഡ്രൈവർക്ക് ആണ് യാത്രക്കാരും നാട്ടുകാരും ചേർന്ന് പണി കൊടുത്തത്.
തിരുവല്ല ഭാഗത്തേക്കുള്ള സിഗ്നൽ കാത്തു നിരനിരയായി കിടന്നിരുന്ന 50 ലധികം വാഹനങ്ങളെ ഓവർടേക്ക് ചെയ്ത് കയറിവന്ന ബസ് സിഗ്നൽ പോയിന്റിൽ എത്തിയതോടെ മല്ലപ്പള്ളി ഭാഗത്തേക്ക് വാഹനങ്ങൾക്ക് കടന്നു പോകാൻ ഉള്ള സിഗ്നൽ തെളിഞ്ഞു. ഇതോടെ വീതി കുറവുള്ള റോഡിലൂടെ എതിർഭാഗത്തുനിന്ന് വന്ന ഇരുചക്ര വാഹന യാത്രക്കാർക്ക് പോലും കടന്നു പോകാൻ കഴിയാത്ത സ്ഥിതിയായി. കാര്യങ്ങൾ ഇത്രയൊക്കെയായിട്ടും ബസ് പിന്നിലേക്ക് എടുക്കുവാൻ തിരുവമ്പാടി ബസ് ഡ്രൈവർ തയ്യാറായില്ല. ഇതോടെ യാത്രക്കാരിൽ പലരും വാഹനം നിർത്തി റോഡിൽ ഇറങ്ങി ഡ്രൈവറോട് തട്ടിക്കയറി. ഇതിനിടെ ഗതാഗതം പൂർണമായും താളം തെറ്റി.
മറ്റു മാർഗ്ഗം ഇല്ല എന്ന് ബോധ്യമായതോടെ തിരുവമ്പാടി ബസ്സിലെ ഡ്രൈവർ ബസ് പിന്നിലേക്ക് എടുക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് റോഡിൽ 15 മിനിറ്റ് നേരത്തോളം ഗതാഗതം തടസ്സപ്പെട്ടു. നിയമം ലംഘിച്ച് വന്ന സ്വകാര്യ ബസ് മറ്റു യാത്രക്കാർ ചേർന്ന് പിന്നിലേക്ക് എടുപ്പിക്കുന്ന മൊബൈൽ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ഇത്തരം നിയമലംഘനങ്ങൾ ഇവിടെ പതിവാണെന്നും ട്രാഫിക് ഡ്യൂട്ടിക്കായി സ്ഥിരം ഉദ്യോഗസ്ഥരെ നിയമിക്കുവാൻ പോലീസ് തയ്യാറാവണമെന്ന ആവശ്യവും യാത്രക്കാരിൽ നിന്നും ഉയരുന്നുണ്ട്.