പീഡന വിവരം എമ്പുരാന്റെ ഫസ്റ്റ്‌ ഷെഡ്യൂളിനിടെ ചീഫ്‌ അസോസിയേറ്റ്‌ പറഞ്ഞാണ്‌ അറിഞ്ഞത്, അന്നുതന്നെ അസിസ്റ്റന്റ് ഡയറക്ടറെ പുറത്താക്കി : വിശദീകരണവുമായി പൃഥ്വിരാജ്

ബ്രോ ഡാഡി സെറ്റിൽ ജൂനിയർ ആർട്ടിസ്‌റ്റിനെ അസിസ്റ്റന്റ് ഡയറക്‌ടർ മൻസൂർ റഷീദ് പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട്‌ വിശദീകരണവുമായി ചിത്രത്തിന്റെ സംവിധായകൻ കൂടിയായ നടൻ പൃഥ്വിരാജ്‌ രംഗത്തെത്തി.
 

ബ്രോ ഡാഡി സെറ്റിൽ ജൂനിയർ ആർട്ടിസ്‌റ്റിനെ അസിസ്റ്റന്റ് ഡയറക്‌ടർ മൻസൂർ റഷീദ് പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട്‌ വിശദീകരണവുമായി ചിത്രത്തിന്റെ സംവിധായകൻ കൂടിയായ നടൻ പൃഥ്വിരാജ്‌ രംഗത്തെത്തി.

പീഡന വിവരം അറിഞ്ഞ ഉടൻ തന്നെ അസിസ്റ്റന്റ് ഡയറക്‌ടറെ ജോലിയിൽ നിന്ന്‌ നീക്കിയെന്നും പൊലീസിനു മുന്നിൽ ഹാജരായി നിയമ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചതായും വാട്ട്‌സ്‌ ആപ്പ്‌ പ്രതികരണത്തിലൂടെ പൃഥ്വിരാജ്‌ വ്യക്തമാക്കി. ആരോപണം ഉയർന്ന ശേഷം ആദ്യമായാണ്‌ പൃഥ്വിരാജ്‌ മറുപടിയുമായി എത്തുന്നത്‌.

'പീഡനം നടന്ന വിഷയവും അതുമായി ബന്ധപ്പെട്ട്‌ കേസുണ്ടായ വിവരവും 2023 ഒക്ടോബറിൽ എമ്പുരാന്റെ ഫസ്‌റ്റ്‌ ഷെഡ്യൂളിനിടെ ചീഫ്‌ അസോസിയേറ്റ്‌ പറഞ്ഞാണ്‌ ഞാൻ അറിഞ്ഞത്‌. അതുവരെയും ഇക്കാര്യം അറിഞ്ഞിരുന്നില്ല. വിവരം അറിഞ്ഞ അന്നുതന്നെ അയാളെ ഷൂട്ടിങ്ങിൽനിന്നു മാറ്റി. പൊലീസിനു മുന്നിൽ ഹാജരാകാനും നിയമനടപടികൾക്കു വിധേയനാകാനും നിർദേശിച്ചതായി'പൃഥ്വിരാജ് പറയുന്നു.

അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് ബ്രോ ഡാഡിയിൽ അഭിനയിക്കാൻ എത്തിയ ജൂനിയർ ആർട്ടിസ്‌റ്റിനെ മയക്കുമരുന്ന്‌ കലർത്തിയ ജ്യൂസ്‌ നൽകി പീഡിപ്പിച്ചുവെന്നാണ്‌ നടി പരാതിയിൽ വ്യക്‌തമാക്കിയത്‌.

2021 ആഗസ്റ്റ് എട്ടിന് ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണു സംഭവം. വിവാഹ സീനിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്‌റ്റിനെ വീണ്ടും സീനിൽ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് വരാൻ ആവശ്യപ്പെട്ടു.

ഇതനുസരിച്ചു സ്വന്തം നിലയിൽ, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു. മുറിയിലെത്തിയ മൻസൂർ റഷീദ് നൽകിയ ജ്യൂസ് കുടിച്ച ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായതായും നടി പറയുന്നു. സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിച്ചു വീട്ടിലേക്കു പോയി.

 പിന്നീടു രാവിലെ ഇവരുടെ നഗ്നചിത്രം അയച്ചുകൊടുത്തിട്ട്‌ അസിസ്റ്റന്റ് ഡയറക്ടർ പണം ആവശ്യപ്പെട്ടു. പരാതിപ്പെട്ടതിന്റെ അടിസ്‌ഥാനത്തിൽ ഹൈദരാബാദിൽ ഗച്ചിബൗളി പൊലീസ്‌ ബലാൽസംഗത്തിനു കേസെടുത്തു. പിന്നീടും ഈ ചിത്രം കാണിച്ച് പലപ്പോഴായി പണം വാങ്ങിയെന്നും നടി പറയുന്നു.

ഇത്തരമൊരു കേസ്‌ നിലനിൽക്കുമ്പോഴും ഇയാൾ സിനിമകളിൽ പ്രവർത്തിക്കുന്നതു സംബന്ധിച്ച്‌ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.

നടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ പൃഥ്വിരാജിനെതിരെ വലിയ രീതിയൽ തന്നെ സൈബർ ആക്രമണം ഉണ്ടായിരുന്നു. അതിജീവിതയ്‌ക്കൊപ്പം നിൽക്കുന്ന താരം സ്വന്തം സെറ്റിലെ അതിക്രമത്തിനെതിരെ എന്ത്‌ പറയുന്നു എന്നായിരുന്നു ഉയർന്ന ചോദ്യങ്ങളിലേറെയും. അത്തരം വിമർശനങ്ങൾക്ക്‌ കൂടിയാണ്‌ പൃഥ്വിരാജ്‌ മറുപടി നൽകിയത്‌.