പ്രധാനമന്ത്രി ബുധനാഴ്ച കൊച്ചിയിലെത്തും; കലൂരിലേക്ക് റോഡ് ഷോ,എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും പങ്കെടുക്കും

വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും മോദി പങ്കെടുക്കും

 

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കൊച്ചിയില്‍ എത്തും. ബുധനാഴ്ച രാവിലെ 11.30 ഓടെ പ്രധാനമന്ത്രി നെടുമ്പാശ്ശേരിയില്‍ എത്തും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും മോദി പങ്കെടുക്കും. എറണാകുളം മറൈന്‍ ഡ്രൈവില്‍ ധീരവസഭ സംഘടിപ്പിക്കുന്ന പരിപാടിയാണ് പ്രധാന മന്ത്രിയുടെ ആദ്യ പരിപാടി. പിന്നീട് കലൂര്‍ സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ സംഘടിപ്പിക്കും. കലൂര്‍ സ്റ്റേഡിയത്തില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ പ്രഖ്യാപനവും നടക്കും. ഇതിന് ശേഷമായിരിക്കും എന്‍ഡിഎ കണ്‍വെന്‍ഷന്‍.

കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പാലക്കാട് പൊള്ളാച്ചി മെമു ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. ചങ്ങനാശേരി, കുറ്റിപ്പുറം, ഷൊര്‍ണൂര്‍ അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനം, വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ഷൊര്‍ണൂര്‍ - നിലമ്പൂര്‍ പാതയുടെ സമര്‍പ്പണം. ബിപിസിഎല്‍, ദേശീയപാത അതോറിറ്റി എന്നിവയുടെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹിക്കും.