രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് തലസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും

രാവിലെ 10.30 ന് കൊല്ലം വള്ളിക്കാവില്‍ മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച ശേഷം 11.30 ന് തിരികെ തിരുവനന്തപുരത്തെത്തും.
 


കേരള പര്യടനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു തിരുവനന്തപുരത്ത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് തലസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും. കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷമാണ് പ്രധാന ചടങ്ങ്. രാവിലെ 10.30 ന് കൊല്ലം വള്ളിക്കാവില്‍ മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച ശേഷം 11.30 ന് തിരികെ തിരുവനന്തപുരത്തെത്തും. തുടര്‍ന്ന് 12 ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാന സര്‍ക്കാര്‍ പൗരസ്വീകരണം നല്‍കും

തുടര്‍ന്ന് കുടുംബശ്രീയുടെ 25 ാം വാര്‍ഷികാഘോഷപരിപാടിയില്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് ഗവര്‍ണര്‍ ഒരുക്കുന്ന സല്‍ക്കാരത്തിലും പങ്കെടുക്കും. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും മാത്രമാണ് ക്ഷണം.നാളെ രാവിലെ കന്യാകുമാരി സന്ദര്‍ശിക്കുന്ന രാഷ്ട്രപതി തിരികെയെത്തിയ ശേഷം ഉച്ചയ്ക്ക് ലക്ഷദ്വീപിലേയ്ക്ക് പോകും. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഡല്‍ഹിക്ക് മടങ്ങുന്നത്.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.