സിനിമാനയ സമിതിയിൽ പ്രേംകുമാറും മധുപാലും

സിനിമാനയത്തിന്റെ കരട് തയ്യാറാക്കാനുള്ള സർക്കാർ സമിതി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക ക്ഷേമനിധിബോർഡ് ചെയർമാൻ മധുപാൽ എന്നിവരെ അംഗങ്ങളാക്കി പുനഃസംഘടിപ്പിച്ചു.

 

തിരുവനന്തപുരം: സിനിമാനയത്തിന്റെ കരട് തയ്യാറാക്കാനുള്ള സർക്കാർ സമിതി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക ക്ഷേമനിധിബോർഡ് ചെയർമാൻ മധുപാൽ എന്നിവരെ അംഗങ്ങളാക്കി പുനഃസംഘടിപ്പിച്ചു. ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ അധ്യക്ഷനായ സമിതിയിൽ സാംസ്കാരികവകുപ്പിന്റെ മുൻസെക്രട്ടറി മിനി ആന്റണിയായിരുന്നു കൺവീനർ. മിനി ആന്റണി വിരമിച്ചതിനാൽ സമിതിയിൽ അംഗമായിരുന്ന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് കൺവീനറാകും.

ലൈംഗികപീഡനപരാതിയിൽ പ്രതിയായ നടനും എം.എൽ.എ.യുമായ മുകേഷിനെ സമിതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഫെഫ്കയുടെ പ്രതിനിധിയായിരുന്ന സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ അടുത്തിടെ സമിതിയിൽനിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. 

അതേസമയം 2023 ജൂലായിൽ പത്തംഗസമിതി രൂപവത്കരിച്ച് ഉത്തരവിറങ്ങിയപ്പോൾത്തന്നെ സിനിമയിലെ തിരക്കിന്റെ പേരിൽ നടി മഞ്ജുവാര്യരും ഛായാഗ്രാഹകൻ രാജീവ് രവിയും സ്വയം ഒഴിവായിരുന്നു. നടിമാരായ പത്മപ്രിയ, നിഖിലാ വിമൽ, നിർമാതാവ് സന്തോഷ് കുരുവിള എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. സമിതി പുനഃസംഘടിപ്പിച്ച് തിങ്കളാഴ്ച ഉത്തരവിറങ്ങും.