ഗര്‍ഭിണിയുടെ മുഖത്തടിച്ച സംഭവം; സസ്‌പെൻഷനിലായ എസ്‌എച്ച്‌ഒയ്‌ക്കെതിരെ ഇന്ന് വകുപ്പുതല അന്വേഷണം തുടങ്ങും

ഗർഭിണിയെ മർദിച്ചതിന് സസ്‌പെൻഷനിലായ എസ്‌എച്ച്‌ഒ കെ ജി പ്രതാപ് ചന്ദ്രനെതിരായ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും.എറണാകുളം നോർത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ബെൻ ടൂറിസ്റ്റ് ഹോം ഉടമ ബെൻജോ ബേബിയുടെ ഭാര്യ ഷൈമോളെയാണ്(41) പ്രതാപ് ചന്ദ്രൻ മർദിച്ചത്.

 

പ്രതാപ് ചന്ദ്രൻ ഷൈമോളെ നെഞ്ചത്ത് പിടിച്ചുതള്ളി. ഇത് ചോദ്യംചെയ്തതോടെ മുഖത്തടിച്ചു. മറ്റ് പൊലീസുകാരാണ് പിടിച്ചുമാറ്റിയത്

എറണാകുളം: ഗർഭിണിയെ മർദിച്ചതിന് സസ്‌പെൻഷനിലായ എസ്‌എച്ച്‌ഒ കെ ജി പ്രതാപ് ചന്ദ്രനെതിരായ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും.എറണാകുളം നോർത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ബെൻ ടൂറിസ്റ്റ് ഹോം ഉടമ ബെൻജോ ബേബിയുടെ ഭാര്യ ഷൈമോളെയാണ്(41) പ്രതാപ് ചന്ദ്രൻ മർദിച്ചത്. നിലവില്‍ അരൂർ എസ്‌എച്ച്‌ഒയാണ് പ്രതാപ് ചന്ദ്രൻ.

പ്രതാപ് ചന്ദ്രൻ എറണാകുളം നോർത്ത് സ്റ്റേഷനില്‍ സിഐ ആയിരിക്കെ 2024 ജൂണ്‍ 20നായിരുന്നു സംഭവം. യുവതിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2024 ജൂണ്‍ 18ന് പുലർച്ചെ ടൂറിസ്റ്റ് ഹോമിന് സമീപത്തുനിന്ന് സംശയാസ്പദ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ രക്ഷപ്പെടാൻ സഹായിച്ചെന്ന കുറ്റംചുമത്തിയാണ് ബെൻജോയെ പിടികൂടിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നായിരുന്നു കേസ്. പൊലീസിന്റെ മർദ്ദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തുകയായിരുന്നു ബെൻജോ.

ഭർത്താവിനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് ഇരട്ടകളായ കൈക്കുഞ്ഞുങ്ങളുമായാണ് ഗർഭിണിയായ ഷൈമോള്‍ സ്റ്റേഷനിലെത്തിയത്. ഷൈമോളും പൊലീസുകാരും തമ്മില്‍ ബെൻജോയുടെ സാന്നിദ്ധ്യത്തില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ പ്രതാപ് ചന്ദ്രൻ ഷൈമോളെ നെഞ്ചത്ത് പിടിച്ചുതള്ളി. ഇത് ചോദ്യംചെയ്തതോടെ മുഖത്തടിച്ചു. മറ്റ് പൊലീസുകാരാണ് പിടിച്ചുമാറ്റിയത്. വനിതാ പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരാക്രമം.

പ്രതാപ് ചന്ദ്രനെതിരെ നേരത്തെയും നിരവധി പരാതികള്‍ ഉയർന്നിരുന്നു. പോരാട്ടം തുടരുമെന്നും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളടക്കമുള്ള വകുപ്പുകള്‍ പ്രകാരം പ്രതാ‌പ് ചന്ദ്രനെതിരെ കേസെടുക്കണമെന്നുമാണ് ഷൈമോളുടെ കുടുംബത്തിന്റെ ആവശ്യം.