കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം: 'സോനയെ ആസൂത്രിതമായി കൊലപ്പെടുത്തിയത്'; ആരോപണവുമായി കുടുംബം

ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

 

സംഭവത്തില്‍ പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കാനാണ് സോനയുടെ ബന്ധുക്കളുടെ തീരുമാനം.

കോഴിക്കോട് ചെറുവണ്ണൂര്‍ കക്കറമുക്കില്‍ തീപിടിച്ച കാറിനുള്ളില്‍ ഗര്‍ഭിണി വെന്തുമരിച്ച സംഭവത്തില്‍ സംശയങ്ങളുമായി കുടുംബം. പാലേരി കല്ലിക്കണ്ടിയില്‍ 27കാരിയായ സോനയാണ് മരിച്ചത്. സോനയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന സംശയമാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്നത്. അതിനാല്‍ പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കാറില്‍ നിന്നുള്ള സാമ്പിളുകളുടെ ഫോറന്‍സിക് ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.

ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. മോട്ടോര്‍വാഹന വകുപ്പും ഫോറന്‍സിക് വിദഗ്ധരും സംയുക്തമായി പരിശോധന നടത്തിയിരുന്നു. കാറിനുള്ളിലെ വയറിങ്, ഇന്ധനടാങ്ക്, എ സി സംവിധാനം, മുന്‍വശത്തെ റേഡിയേറ്റര്‍ ഭാഗത്തും തകരാര്‍ ഇല്ലെന്ന് ഇവരുടെ പരിശോധന വ്യക്തമാക്കുന്നു.
കാറിന്റെ ഉള്‍വശത്ത് പിന്‍സീറ്റും മുന്‍ഭാഗവും പൂര്‍ണമായും കത്തി. എന്നാല്‍ ബോണറ്റില്‍ തീപടര്‍ന്നിട്ടില്ല. ഇതോടെ തീ എവിടെ നിന്നുണ്ടായി എന്ന സംശയം ശക്തമായിരിക്കുകയാണ്. കാറിനുള്ളില്‍ നിന്നും ലഭിച്ച കത്താതെ ശേഷിച്ച തുണികള്‍, ബാഗിന്റെ അവശിഷ്ടം, മൊബൈല്‍, വെള്ളത്തിന്റെ സാമ്പിള്‍ എന്നിവയെല്ലാം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

സംഭവത്തില്‍ പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കാനാണ് സോനയുടെ ബന്ധുക്കളുടെ തീരുമാനം. ഗള്‍ഫില്‍ ആയിരിക്കെയാണ് രജിന്‍ സമൂഹമാധ്യത്തിലൂടെ സോനയുമായി അടുപ്പത്തിലാകുന്നതെന്നാണ് സോനയുടെ അമ്മാവന്‍ സത്യന്‍ പറയുന്നത്. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. എന്നാല്‍ രജിന്റെ വീട്ടുകാര്‍ വേറെ വിവാഹത്തിന് പ്രേരിപ്പിച്ചു. ഇതോടെ വടകരയില്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സോനയെ ചിലര്‍ രക്ഷപ്പെടുത്തി.
പൊലീസ് സാന്നിധ്യത്തില്‍ പിന്നീട് നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. ഇരുവീട്ടുകാരും എതിര്‍ത്തതോടെ ഇവര്‍ 2023ല്‍ രജിസ്റ്റര്‍ വിവാഹം കഴിച്ചു. സോനയുമായി വലിയ അടുപ്പം വീട്ടുകാര്‍ സൂക്ഷിച്ചിരുന്നില്ല. ഗര്‍ഭിണിയായതോടെയാണ് വീട്ടുകാരുമായി വലിയ പ്രശ്നമില്ലാതെ പോയത്. ഭര്‍തൃവീട്ടില്‍ സമ്മര്‍ദമുണ്ടെന്ന് ഒരു ബന്ധുവിനോട് സോന ഒരിക്കല്‍ പറഞ്ഞിരുന്നു. ഇതാണ് കൊലപാതകം ആസൂത്രിതമായി നടത്തിയതാണെന്ന് സംശയിക്കുന്നതായി സോനയുടെ അമ്മാവന്‍ പറയുന്നു.

65ശതമാനത്തിലേറെ പൊള്ളലേറ്റ രജിന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിലവില്‍ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലാണ്. മുഖം, നെഞ്ച് എന്നിവടങ്ങളില്‍ പൊള്ളലേറ്റതിനാല്‍ രജിന്റെ ആന്തരിക അവയവങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രജിന്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.