ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ച സംഭവം ; സാധാരണ അപകടമല്ലെന്നും ദുരൂഹതയുണ്ടെന്നും ആവര്‍ത്തിച്ച് കുടുംബം

 

കാറിന്റെ പിന്‍വശത്ത് സോന ഇരുന്ന ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത്.

 

സോനയുടെ വീട്ടുകാരുമായി രജിന്‍ ലാല്‍ അടുപ്പം പുലര്‍ത്തിയിരുന്നില്ല.

ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. മരിച്ച സോനയും ഭര്‍ത്താവ് രജിന്‍ലാലും തമ്മില്‍ നേരത്തെ തന്നെ കടുത്ത പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും, ഇതൊരു സാധാരണ അപകടമല്ലെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു. സമഗ്ര അന്വേഷണം തന്നെ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സോനയുടെ വീട്ടുകാരുമായി രജിന്‍ ലാല്‍ അടുപ്പം പുലര്‍ത്തിയിരുന്നില്ല. കാറിന്റെ പിന്‍വശത്ത് സോന ഇരുന്ന ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത്. പൊട്ടിത്തെറി ഉണ്ടായതും ദുരൂഹമാണെന്ന് കുടുംബം പറയുന്നു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ചെറുവണ്ണൂര്‍ കക്കറമുക്ക് എന്ന സ്ഥലത്ത് വെച്ച് വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ചെറുവണ്ണൂര്‍ പുത്തന്‍ ചാലില്‍ രജിന്‍ ലാലിന്റെ ഭാര്യ, ഏഴുമാസം ഗര്‍ഭിണിയായ സോന പൊള്ളലേറ്റ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രജിന്‍ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. രജിന്‍ ലാലും ഭാര്യയും ആശുപത്രിയില്‍ പോയി വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയായിരുന്നു കാര്‍ കത്തിയത്. കാറിന്റെ പിന്‍വശത്തായിരുന്നു സോന ഇരുന്നത്. 2016 മോഡല്‍, പെട്രോള്‍ കാറിന്റെ പിന്‍വശത്തു നിന്നാണ് തീ ഉയര്‍ന്നത്. ശബ്ദവും ഉണ്ടായിരുന്നു. മുന്‍വശത്തേക്ക് തീ കാര്യമായി പടര്‍ന്നിട്ടില്ല.

സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും ഫോറന്‍സിക് വിഭാഗത്തിന്റെയും അന്വേഷണം തുടരുകയാണ്. പെട്രോള്‍ ടാങ്കുമായി ബന്ധപ്പെട്ട ലീക്കോ മറ്റ് പ്രശ്‌നങ്ങളോ ആയിരിക്കാം അപകടകാരണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തില്‍ വിശദമായ പരിശോധനകള്‍ ആവശ്യമുണ്ട്. കത്തിയ കാറില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. ഫോറന്‍സിക് വിഭാഗത്തിന്റെ ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ വ്യക്തത വരികയുള്ളു. സോനയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.