പ്രസീത അഴീക്കോട് തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ചു
കണ്ണൂരിലെ വനിതാനേതാവായ പ്രസീത അഴീക്കോട് തൃണമൂൽ കോൺഗ്രസ് വിട്ടു. പാർട്ടി നേതാവായ പി. വി അൻവറിനെതിരെ ബേപ്പൂരിൽ മത്സരിക്കുമെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു
കണ്ണൂർ : കണ്ണൂരിലെ വനിതാനേതാവായ പ്രസീത അഴീക്കോട് തൃണമൂൽ കോൺഗ്രസ് വിട്ടു. പാർട്ടി നേതാവായ പി. വി അൻവറിനെതിരെ ബേപ്പൂരിൽ മത്സരിക്കുമെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.തൃണമൂൽ കോൺഗ്രസ് സ്റ്റേറ്റ് കോർഡിനേറ്റർ സ്ഥാനമാണ് പ്രസീത അഴീക്കോട് രാജിവെച്ചത്. പിവി അൻവറിന്റെ രാഷ്ട്രീയ നിലപാടുകളിൽ മനംമടുത്താണ് രാജിയെന്നും പ്രസീത വ്യക്തമാക്കി. അൻവറിൽ നിന്ന് ആദ്യമായി മെമ്പർഷിപ്പ് സ്വീകരിച്ച വ്യക്തിയായിട്ടും, പ്രസ്ഥാനം ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിലല്ല പ്രവർത്തിക്കുന്നതെന്ന് അവർ ആരോപിച്ചു.
പാർട്ടിയിൽ മുസ്ലിം ആധിപത്യം വളർന്നുവരികയാണെന്നും ആദിവാസി വിഭാഗങ്ങൾക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും മാധ്യമങ്ങളോട് പ്രസീത പറഞ്ഞു. മാത്രമല്ല, സംഘടനയിൽ സ്ത്രീകൾക്ക് പരിഗണനയില്ല. ഈക്കാരണത്താൽ നിരവധി സ്ത്രീകൾ നേരത്തെ തന്നെ പാർട്ടി വിട്ടുപോയിട്ടുണ്ട്.കൊൽക്കത്തയിൽ പോയപ്പോൾ മുഖ്യമന്ത്രി മമത ബാനർജിയെ കാണാൻ പിവി അൻവറിന് സാധിച്ചിട്ടില്ല. അൻവർ പല കാര്യങ്ങളിലും പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അഞ്ച് മാസം മുൻപ് വയനാട്ടിൽ എസ്ഡിപിഐയുമായി ചേർന്ന് ‘അതിജീവന മുന്നണി’ ഉണ്ടാക്കിയതായും പ്രസീത പറഞ്ഞു. അൻവറിനൊപ്പമുള്ളത് കേവലം ശമ്പളക്കാർ മാത്രമാണെന്നും പലരും സാമ്പത്തിക നേട്ടം കണ്ടാണ് കൂടെ നിൽക്കുന്നതെന്നും പ്രസീത പറഞ്ഞു.
സംഘടനാ ബോധമുള്ള ആർക്കും ഈ സംവിധാനത്തിൽ നിലനിൽക്കാൻ കഴിയില്ലെന്ന് പ്രസീത വ്യക്തമാക്കി. വരും ദിവസങ്ങളിൽ മലപ്പുറത്ത് നിന്നടക്കം കൂടുതൽ പേർ രാജിവെയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു. തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ കഴിയില്ലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് തീരുമാനമെന്നും അവർ അറിയിച്ചു. പരാതികൾ ഉന്നയിക്കുമ്പോൾ “ഇലക്ഷൻ കഴിയട്ടെയെന്ന ഒഴുക്കൻ മറുപടിയാണ് അൻവർ നൽകുന്നതെന്നും പ്രസീത പറഞ്ഞു. നേരത്തെ സി.കെ. ജാനു നേതൃത്വം നൽകിയ ആദിവാസി ഗോത്രമഹാസഭ പാർട്ടിയിലായിരുന്നു പ്രസീത. സുൽത്താൻബത്തേരി സീറ്റിൽ മത്സരിക്കുന്നതിനായി ബി.ജെ.പിയിൽ നിന്നും കോടികൾ ജാനു കോഴ വാങ്ങിയെന്ന് ആരോപിച്ചാണ് ഇവർ പാർട്ടി വിട്ടത്.