പാലക്കാട്ടെ തോല്‍വിക്ക് കാരണം സി. കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് നഗരസഭ അധ്യക്ഷ
പാലക്കാട്ടെ തോല്‍വിക്ക് കാരണം സി. കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് തുറന്നടിച്ച് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍. വോട്ട് ചേര്‍ച്ചയില്‍ നഗരസഭാ ഭരണത്തെ പഴിചാരിയ ജില്ലാ നേതൃത്വത്തിനും വിമര്‍ശനം. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെയാണ് ബിജെപി നേതൃത്വം ഇപ്പോള്‍ നഗരസഭയോടെ പെരുമാറുന്നതെന്ന് പ്രമീള ശശിധരന്‍ വിമര്‍ശിച്ചു.
നഗരസഭ ഭരണം മുന്നോട്ട് കൊണ്ടു പോകേണ്ടത് ജില്ല നേതൃത്വമാണെന്ന് പ്രമീള ശശിധരന്‍ പറഞ്ഞു. ഒരേ സ്ഥാനാര്‍ത്ഥി വേണ്ട എന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നു. സംസ്ഥാന നേതൃത്വമാണ് കൃഷ്ണകുമാറിനെ തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം കൗണ്‍സിലര്‍മാര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. മറ്റൊരു സ്ഥാനാര്‍ത്ഥി ആയിരുന്നെങ്കില്‍ ഇത്ര വലിയ തോല്‍വി സംഭവിക്കില്ലായിരുന്നുവെന്ന് പ്രമീള ശശിധരന്‍ പറഞ്ഞു.
തന്റെ വാര്‍ഡില്‍ എല്ലാ വോട്ടും കിട്ടിയെന്ന് പ്രമീള ശശിധരന്‍ പറഞ്ഞു. കൃഷ്ണകുമാറിന്റെ വോട്ട് കുറഞ്ഞത് നേതൃത്വം പരിശോധിക്കട്ടെ. പൊതുജന അഭിപ്രായം മാനിച്ച് തീരുമാനങ്ങള്‍ സ്വീകരിക്കണമെന്ന് പ്രമീള ശശിധരന്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ പറയുന്നത് എപ്പോഴും ഒരേ സ്ഥാനാര്‍ത്ഥി വേണ്ടയെന്നാണ്. വേറെ സ്ഥാനാര്‍ത്ഥി ഇല്ലേയെന്നാണ് ചോദ്യമെന്ന് പ്രമീള പറഞ്ഞു. സംസ്ഥാന ഘടകത്തോട് ഇക്കാര്യം അറിയിച്ചിരുന്നു.