പ്രജിൽ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം
കൊല്ലം: അഴീക്കൽ സ്രായിക്കാട് സ്വദേശി തുറയിൽ കിഴക്കതിൽ പ്രവീൺ ഭവനിൽ പ്രജിലിനെ (28) കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. അഴീക്കൽ തുറയിൽ പുത്തൻവീട്ടിൽ അർജുനെ(26)യാണ് കൊല്ലം ഫോർത്ത് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്. സുഭാഷ് ശിക്ഷിച്ചത്.
കുടുംബ സുഹൃത്തിന്റെ മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള വിരോധത്തിലാണ് പ്രജിലിനെ സംഘം ചേർന്ന് വെട്ടികൊലപ്പെടുത്തുകയും സഹോദരൻ പ്രവീണിനെ(31) മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തത്. പ്രജിലിനെയും സഹോദരനെയും ആക്രമിച്ച് സാരമായി മുറിപ്പെടുത്തിയതിന് അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും അധികം വിധിച്ചു. ഈ പിഴതുക പ്രജിലിന്റെ മാതാപിതാക്കളായ പ്രബുദ്ധനും രമയ്ക്കും കൈമാറാനും കോടതി ഉത്തരവിട്ടു. രണ്ടു മുതൽ ആറുവരെ പ്രതികളെ നേരത്തെ വിട്ടയച്ചിരുന്നു.
2016 ജൂലൈ 18ന് അർജുൻ പ്രജിലിനെയും പ്രവീണിനേയും തന്റെ മൊബൈലിൽ കുടുംബ സുഹൃത്തിന്റെ മകളുടെ ഫോട്ടോയുണ്ടെന്ന് പറഞ്ഞ് പരിശോധിക്കാനായി വീടിനടുത്തേക്ക് വരാൻ പ്രതി ആവശ്യപ്പെട്ടത്. സഹോദരനും സുഹൃത്തുക്കൾക്കും ഒപ്പം അർജുന്റെ വീടിന് സമീപം എത്തിയപ്പോൾ പ്രജിലിനെയും കൂട്ടരെയും വടിവാൾ കൊണ്ട് ആക്രമിച്ചു. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രജിൽ രാത്രിയോടെ മരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. ബി. മഹേന്ദ്ര, സഹായി എ. എസ്. ഐ സാജു എന്നിവർ ഹാജരായി.