പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ: 29-ന് വിധി പറയും
കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഒക്ടോബർ 29-ന് വിധി പറയും. വാദം പൂർത്തിയായ ശേഷമാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാൻ മാറ്റിയിരിക്കുന്നത്.
കണ്ണൂർ: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഒക്ടോബർ 29-ന് വിധി പറയും. വാദം പൂർത്തിയായ ശേഷമാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാൻ മാറ്റിയിരിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദാണ് കേസിൽ വാദം കേട്ടത്.
അഭിഭാഷകനായ കെ.വിശ്വൻ മുഖേനയാണു ദിവ്യ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്. നവീൻ ബാബുവിനെ ഏതെങ്കിലും തരത്തിൽ അപമാനിക്കുക ആയിരുന്നില്ല ദിവ്യയുടെ ഉദ്ദേശമെന്നും ഈ പരാമർശം വഴി അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നുമാണ് കോടതിയിൽ ദിവ്യയുടെ അഭിഭാഷകനായ കെ. വിശ്വൻ വാദിച്ചത്. സാമൂഹിക പ്രവർത്തക എന്ന നിലയിൽ ഒരു ദിവസം 250 കിലോമീറ്റർ സഞ്ചരിക്കുന്നയാളാണ്, 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്ന രാഷ്ട്രീയപ്രവർത്തകയാണ്, ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന വ്യക്തിയാണ് തുടങ്ങിയ വാദങ്ങളും കോടതിയിൽ ഉന്നയിച്ചു.
എന്നാൽ ദിവ്യയുടെ വാദങ്ങളെ അതിശക്തമായി പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു. വ്യക്തിഹത്യയാണ് നവീന്‍ ബാബുവിന്റെ മരണകാരണം. ജില്ലാ ഭരണകൂടത്തിലെ രണ്ടാമനാണ് മരിച്ചത്. ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ മൊഴി നല്‍കി. പി പി ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമാണ് എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
വഴിയേ പോകുന്നതിനിടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് ദിവ്യ തന്നെ പ്രസംഗത്തില്‍ പറഞ്ഞു. സ്വകാര്യ പരിപാടിയിലേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കാന്‍ എന്ത് അധികാരമാണുള്ളത്. കളക്ടറോട് ദിവ്യ എഡിഎമ്മിനെതിരെ രാവിലെ തന്നെ പരാതി നല്‍കിയിരുന്നു. യാത്രയയപ്പ് യോഗത്തില്‍ ഇക്കാര്യം പറയേണ്ടതില്ലെന്ന് കളക്ടര്‍ ദിവ്യയോട് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് പ്രസ്തുത ദൃശ്യങ്ങള്‍ ദിവ്യ ചോദിച്ചു വാങ്ങി. ദിവ്യക്ക് പരാതിയുണ്ടെങ്കില്‍ അധികാരികളോട് അറിയിക്കാമായിരുന്നു. തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് ദിവ്യയോട് കളക്ടര്‍ പറഞ്ഞു. 3.30 ന് വിളിച്ചപ്പോഴും ആരോപണം ഉന്നയിക്കാനുള്ള സമയമല്ലെന്ന് കളക്ടര്‍ പറഞ്ഞുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
മരിച്ച നവീൻ ബാബുവിനും മക്കളുണ്ട്. ദിവ്യയ്ക്ക് പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളുടെ മുമ്പിൽ അറിയിക്കാമായിരുന്നുവെന്നും നവീൻ ബാബുവിനെതിരായ അധ്യാപകൻ ഗംഗാധരൻ്റെ പരാതിയിൽ അഴിമതി ആരോപണം ഇല്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്കുമാറാണ് കോടതിയില്‍ ഹാജരായത്.