‘പവർ ഫുൾ മൈക്കാണ്, ചില കാര്യങ്ങൾ കേട്ടെന്നിരിക്കും, സഭയുടെ സീറ്റിൽ ഇരുന്ന് സംസാരിച്ചാൽ മാത്രമാണ് രേഖകളിൽ വരുന്നത്’ ; കുട്ടനാട് വിവാദത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

നിയമസഭയിലെ കുട്ടനാട് വിവാദത്തിൽ പ്രതികരിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയിലേത് പവർ ഫുൾ മൈക്കാണ്, ചില കാര്യങ്ങൾ കേട്ടെന്നിരിക്കുമെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. നിയമസഭയുടെ രേഖയിൽ വരുന്നത് മാത്രമാണ് പ്രാധാന്യമുള്ള വിഷയങ്ങൾ. സഭയുടെ സീറ്റിൽ ഇരുന്ന് സംസാരിച്ചാൽ മാത്രമാണ് രേഖകളിൽ വരുന്നതെന്നും സഭാ രേഖയിൽ മുഖ്യമന്ത്രി അവസാനം പറഞ്ഞ കാര്യമില്ലെന്നും തുരുവഞ്ചൂർ ചൂണ്ടിക്കാട്ടി.

 

  പത്തനംതിട്ട: നിയമസഭയിലെ കുട്ടനാട് വിവാദത്തിൽ പ്രതികരിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയിലേത് പവർ ഫുൾ മൈക്കാണ്, ചില കാര്യങ്ങൾ കേട്ടെന്നിരിക്കുമെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. നിയമസഭയുടെ രേഖയിൽ വരുന്നത് മാത്രമാണ് പ്രാധാന്യമുള്ള വിഷയങ്ങൾ. സഭയുടെ സീറ്റിൽ ഇരുന്ന് സംസാരിച്ചാൽ മാത്രമാണ് രേഖകളിൽ വരുന്നതെന്നും സഭാ രേഖയിൽ മുഖ്യമന്ത്രി അവസാനം പറഞ്ഞ കാര്യമില്ലെന്നും തുരുവഞ്ചൂർ ചൂണ്ടിക്കാട്ടി.

മൈക്ക് ഓഫ് ആകുമ്പോൾ അംഗങ്ങൾ തമ്മിൽ എന്തെല്ലാം പറയുമെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പുറത്ത് മറ്റൊരു വിശദീകരണം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച നിയമസഭയിൽ റെജി ചെറിയാൻ എം.എൽ.എ ചമ്പക്കുളം മൂലം വള്ളംകളിക്ക് കുട്ടനാട്ടിൽ പ്രാദേശി അവധി വേണമെന്ന് ആവശ്യപ്പെട്ടതാണ് വിവാദങ്ങളുടെ തുടക്കം. മറുപടി പ​റയാനെഴുന്നേറ്റ മുഖ്യമ​ന്ത്രി വി.ഡി. സതീശൻ, ആലോചിച്ച് തീരുമാനമെടുക്കാമെന്ന് മൈക്കിലൂടെ പറഞ്ഞശേഷം, സീറ്റിൽ ഇരുന്ന് പതുക്കെ ‘ഒരുകാരണവശാലും അവധി കൊടുക്കില്ലെന്ന്’ പറഞ്ഞു. വിഷയം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

അതിനിടെ, നിയമസഭക്കകത്ത് ഗൗരവമായ ചർച്ച നടത്തുമ്പോൾ ഉല്ലാസയാത്ര നടത്തുന്ന പോലെ അംഗങ്ങൾ ഓളം വെട്ടിനടക്കരുതെന്ന് പറഞ്ഞത് ഉമാ തോമസിനോട് അല്ലെന്നും സ്പീക്കർ വ്യക്തമാക്കി. ‘സഭക്കകത്ത് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിന് നിയന്ത്രണം ഉണ്ട്. നിയന്ത്രണത്തിന് വിരുദ്ധമായിട്ട് ചെയ്യാൻ സാധ്യമല്ല. ഉമാ തോമസിന്റെ പേര് കൂടി അതിൽ കണക്ട് ചെയ്തതായിട്ട് താൻ കണ്ടു.

സത്യം പറഞ്ഞാൽ ഉമ തോമസ് ഉമാതോമസിന്റെ സീറ്റിൽ ഇരിക്കുകയാണ്. ഉമാ തോമസ് സംസാരിക്കാൻ എഴുന്നേറ്റപ്പോൾ അതിന്റെ മുന്നിലൂടെ നടന്നുപോയ ആളുകളെ കുറിച്ചാണ് താൻ പറഞ്ഞത്. അതുപക്ഷേ, ചിലയാളുകൾ ഉമാ തോമസിനെ ഫോക്കസ് ചെയ്യാനായി ശ്രമിച്ചു. അതൊട്ടും ശരിയായില്ല. ഏറ്റവും നല്ല അംഗങ്ങളിൽ ഒരാളാണ് ഉമാ തോമസ് എന്നത് എനിക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്’ -തിരുവഞ്ചൂർ പറഞ്ഞു.