വൈദ്യുതി വാങ്ങൽ കരാർ: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
സംസ്ഥാനത്തെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങൾക്ക് വ്യക്തത നൽകുന്നതിന് പകരം ദുരൂഹതയും അവ്യക്തതയും സൃഷ്ടിച്ച് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു.മുന്നിൽ വന്ന ഫയലിന്റെ അടിസ്ഥാനത്തിലാണ് താൻ അന്തിമ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ടെങ്കിലും, കെ.എസ്.ഇ.ബി സാങ്കേതികവും സാമ്പത്തികവുമായ പരിശോധന നടത്തി സർക്കാരിന് സമർപ്പിച്ച ഹിമാചൽ വൈദ്യുതി വാങ്ങാനുള്ള പ്രൊപ്പോസൽ എന്തിന്റെ അടിസ്ഥാനത്തിലാണ് അട്ടിമറിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങൾക്ക് വ്യക്തത നൽകുന്നതിന് പകരം ദുരൂഹതയും അവ്യക്തതയും സൃഷ്ടിച്ച് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു.മുന്നിൽ വന്ന ഫയലിന്റെ അടിസ്ഥാനത്തിലാണ് താൻ അന്തിമ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ടെങ്കിലും, കെ.എസ്.ഇ.ബി സാങ്കേതികവും സാമ്പത്തികവുമായ പരിശോധന നടത്തി സർക്കാരിന് സമർപ്പിച്ച ഹിമാചൽ വൈദ്യുതി വാങ്ങാനുള്ള പ്രൊപ്പോസൽ എന്തിന്റെ അടിസ്ഥാനത്തിലാണ് അട്ടിമറിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
വകുപ്പ് മന്ത്രി ഉദ്യോഗസ്ഥതല ചർച്ചകൾക്കു ശേഷം ഹിമാചൽ വൈദ്യുതി വാങ്ങാമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നിട്ടും ജി.എൻ.എ (GNA) എനർജിയുടെ ദുരൂഹമായ ഓഫർ സ്വീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത് ഏത് നിയമത്തിന്റെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ജി.എൻ.എ ഓഫർ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് കെ.എസ്.ഇ.ബി സർക്കാരിനെ അറിയിച്ചിരുന്നോ എന്നും ചീഫ് എഞ്ചിനീയറുടെ വിശദ പരിശോധനാ റിപ്പോർട്ട് ഉണ്ടായിരുന്നോ എന്നുമുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് ഉത്തരമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എസ്.ഇ.ബി എം.ഡി ആയിരുന്ന രാജമാണിക്യം എഴുതിയ കുറിപ്പിലെ ഏതാനും വരികൾ അടർത്തിയെടുത്ത് കാണിച്ചതുകൊണ്ട് ബോർഡ് ഉയർത്തിയ എതിർപ്പ് ഇല്ലാതാകില്ല. മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാനില്ലെങ്കിൽ ബന്ധപ്പെട്ട ഫയലും സർക്കാരിന് ലഭിച്ച കത്തും പൂർണമായി പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. നവംബർ 1 മുതൽ 2027 മാർച്ച് 31 വരെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.
ജി.എൻ.എ വൈദ്യുതി ഉത്പാദകരോ ലൈസൻസുള്ള വ്യാപാരിയോ അല്ലെന്നും വെറുമൊരു ഡിജിറ്റൽ പ്ലാറ്റ്ഫോം മാത്രമാണെന്നും വാത്തക്കുറിപ്പിൽ പറയുന്നു. അങ്ങനെയൊരു പ്ലാറ്റ്ഫോമിന് സ്വന്തം നിലയിൽ വൈദ്യുതി വിൽക്കാൻ എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ച പിണറായി വിജയൻ, മുൻ എൽ.ഡി.എഫ് ഭരണകാലത്ത് ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ ഒരു യൂണിറ്റ് വൈദ്യുതിയെങ്കിലും വാങ്ങാൻ കരാറുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖ പുറത്തുവിടാൻ ആവശ്യപ്പെട്ടു.
സി.ഇ.ആർ.സിയും (CERC) സെബിയും (SEBI) അന്വേഷണം നടത്തുന്ന സംശയാസ്പദ പശ്ചാത്തലമുള്ള ഒരു കമ്പനിയിൽ നിന്ന് വിപണി നിരക്ക് യൂണിറ്റിന് അഞ്ചു രൂപയോളം മാത്രമായിരിക്കെ 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി വാങ്ങാൻ ശ്രമിച്ചതിന് പിന്നിലെ മാനദണ്ഡം വ്യക്തമാക്കണമെന്നും, കൃത്രിമമായി വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് പൊതുപണം കൊള്ളയടിക്കാനാണ് നീക്കമെങ്കിൽ മുഴുവൻ ഫയലുകളും പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുവെക്കാൻ തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.