എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടക്കം ; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 

തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

മൂന്നു മണിക്കൂര്‍ വൈദ്യുതി മുടങ്ങിയിട്ടും ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പിഡബ്ല്യുഡി മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും മന്ത്രിയുടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംഭവത്തില്‍ അടിയന്തര നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. ഉടന്‍ വൈദ്യുതി പുനസ്ഥാപിക്കുമെന്ന പിഡബ്ല്യൂഡി അധികൃതരുടെ ഉറപ്പിന്മേല്‍ പകരം ജനറേറ്റര്‍ എത്തിക്കാന്‍ തുടക്കത്തില്‍ നടപടി എടുത്തില്ല. രണ്ടാമത്തെ ജനറേറ്ററിന്റെ കാര്യക്ഷമത പരിശോധിച്ചില്ല. രണ്ടാമത്തെ ജനറേറ്റര്‍ പ്രവര്‍ത്തിക്കാതായപ്പോഴും അടിയന്തര നടപടി ഉണ്ടായില്ല. പുറത്തുനിന്ന് ജനറേറ്റര്‍ എടുക്കുന്നതില്‍ കാലതാമസമുണ്ടായെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍.