‘സോണിയ ഗാന്ധിക്കടുത്തേക്ക് പോറ്റിയെ കൊണ്ടുപോയവർക്ക് കൃത്യമായ ഉത്തരവാദിത്തമുണ്ട്’; അടൂർ പ്രകാശിനും ആന്റോ ആന്റണിയ്ക്കുമെതിരെ രമേശ് ചെന്നിത്തല
കോൺഗ്രസ് നേതാക്കളോടൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും സോണിയ ഗാന്ധിയെ സന്ദർശിച്ച ദൃശ്യങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറുമ്പോൾ വിഷയത്തിൽ പ്രതികരിച്ച് കോൺഗ്രസിലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല.
കണ്ണൂർ : കോൺഗ്രസ് നേതാക്കളോടൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും സോണിയ ഗാന്ധിയെ സന്ദർശിച്ച ദൃശ്യങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറുമ്പോൾ വിഷയത്തിൽ പ്രതികരിച്ച് കോൺഗ്രസിലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. സോണിയ ഗാന്ധിക്ക് പോറ്റിയെ അറിയാൻ ഇടയില്ലെന്നും എന്നാൽ അദ്ദേഹത്തെ സോണിയ ഗാന്ധിയുടെ അടുത്തേക്ക് കൊണ്ടുപോയവർക്ക് ഈ കാര്യത്തിൽ കൃത്യമായ ഉത്തരവാദിത്തമുണ്ടെന്നും ചെന്നിത്തല കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഈ വിഷയത്തിൽ സോണിയ ഗാന്ധിക്ക് ഉത്തരവാദിത്തമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മുതിർന്ന നേതാക്കളായ അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവർക്കെതിരെയുള്ള കൃത്യമായ ഒളിയമ്പായാണ് ചെന്നിത്തലയുടെ ഈ പ്രതികരണം വിലയിരുത്തപ്പെടുന്നത്. സോണിയ ഗാന്ധിയുടെ അടുത്തേക്ക് ഇവരെ കൊണ്ടുപോയവർക്ക് അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. ഇത്രയധികം സുരക്ഷാ സംവിധാനങ്ങളുള്ള സോണിയ ഗാന്ധിയുടെ അടുത്തേക്ക് കൃത്യമായ ഇടപെടലില്ലാതെ ഒരാൾക്ക് എത്തിച്ചേരാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പോറ്റിയുമായും ഗോവർധനുമായും ഈ നേതാക്കൾക്കുള്ള ബന്ധം എന്താണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു ചോദിച്ചു.