പോറ്റിയേ കേറ്റിയേ പാട്ട് ഇത്ര ഹിറ്റാക്കിയ സി.പി.എമ്മിന്റെ മണ്ടത്തരത്തിന് പ്രത്യേകം നന്ദി, കേസെടുക്കാൻ ആരാണ് അവരെ ഉപദേശിച്ചത് : സണ്ണി ജോസഫ് 

പോറ്റിയേ കേറ്റിയേ പാട്ട് ഇത്ര ഹിറ്റാക്കിയത് വിഷ്ണുനാഥ് മാത്രമല്ലെന്നും സി.പി.എമ്മിന്റെ മണ്ടത്തരം കൂടിയാണെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. പാട്ടിനെ പ്രോത്സാഹിപ്പിച്ചതിന് സി.പി.എമ്മിന് പ്രത്യേകം നന്ദി പറയുന്നു.

 

തിരുവനന്തപുരം : പോറ്റിയേ കേറ്റിയേ പാട്ട് ഇത്ര ഹിറ്റാക്കിയത് വിഷ്ണുനാഥ് മാത്രമല്ലെന്നും സി.പി.എമ്മിന്റെ മണ്ടത്തരം കൂടിയാണെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. പാട്ടിനെ പ്രോത്സാഹിപ്പിച്ചതിന് സി.പി.എമ്മിന് പ്രത്യേകം നന്ദി പറയുന്നു. പാട്ടിനെതിരെ കേസെടുക്കാൻ ആരാണ് അവരെ ഉപദേശിച്ചതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

മാധ്യമങ്ങൾ കൃത്യമായിട്ട് അതിലെ വരികൾ മലയാളം അധ്യാപകൻ വിവരിക്കുന്ന തരത്തിൽ വിവരിച്ച് കൊടുത്തിട്ടു​ണ്ട്. എന്നിട്ട് അതിൽ എവിടെയാണ് അയ്യപ്പനെ നിന്ദിക്കുന്നത്, എവിടെയാണ് മതവിദ്വേഷം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള തെറ്റായ പരാമർശമുള്ളത് എന്ന് മാധ്യമങ്ങൾ ചോദിച്ചിട്ടുണ്ട്. എന്നാൽ, സർക്കാറിന് അത് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഏതായാലും വൈകിയായാലും അവർക്ക് സദ്ബുദ്ധി ഉദിച്ചു എന്നതിൽ സന്തോഷം. കേസുമായി ​മുന്നോട്ടുപോകുന്നതിനെ സ്വാഗതം ചെയ്യുന്നു. കേരളത്തിലെ മുഴുവൻ കോൺഗ്രസ് ബൂത്തുകമ്മിറ്റികളും ഈ ഗാനം ആലപിക്കും -സണ്ണി ജോസഫ് പറഞ്ഞു.

'പോറ്റിയേ കേറ്റിയേ' വിവാദ പാരഡി പാട്ടിനെതിരായ നടപടിക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘മെറ്റ’ക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തയച്ചിരുന്നു. പാട്ട് നീക്കണം എന്ന പൊലീസ് നിർദേശത്തിനെതിരെയാണ് വി.ഡി സതീശൻറെ കത്ത്. കോടതിയുടെ നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

പാട്ട് നവമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റ, യൂട്യൂബ് കമ്പനികളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവിൻറെ കത്ത്. പരാതിക്കാരന്റെ മൊഴി സൈബർ പൊലീസ് നാളെ രേഖപ്പെടുത്തും. അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോനാണ് പാട്ടിന്റെ അണിയറ പ്രവർത്തകരുടെ നീക്കം.