ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണം: തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്
ചേര്‍ത്തലയിലെ സജിയുടെ മരണകാരണം തലക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. തലയോട്ടിയിൽ പൊട്ടലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഭര്‍ത്താവ് സോണിയുടെ അറസ്റ്റ് രേഖപ്പെടുത്തും.

ആലപ്പുഴ: ചേര്‍ത്തലയിലെ സജിയുടെ മരണകാരണം തലക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. തലയോട്ടിയിൽ പൊട്ടലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഭര്‍ത്താവ് സോണിയുടെ അറസ്റ്റ് രേഖപ്പെടുത്തും. എന്നാല്‍ കൊലക്കുറ്റം ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം മാത്രമെ ചുമത്തുകയുള്ളൂ.
സജിയുടെ മരണം കൊലപാതകമെന്ന മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം സെമിത്തേരിയിൽനിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു. അച്ഛന്‍ മര്‍ദ്ദിക്കുന്നതിനിടെയാണ് അമ്മ വീണതെന്ന മകളുടെ മൊഴിയാണ് സംഭവത്തില്‍ നിര്‍ണ്ണായകമായത്. പിന്നാലെ സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ജനുവരി എട്ടിന് രാത്രി പത്തോടെയാണ് തലയ്‌ക്ക് പരിക്കേറ്റ സജിയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ചികിത്സയിലായിരുന്ന സജി ഞായറാഴ്‌ച രാവിലെയാണ് മരിച്ചത്. അന്നുതന്നെ സംസ്‌കരിക്കുകയുംചെയ്‌തു.
വീട്ടിൽ തെന്നി വീണതായാണ് ആശുപത്രിയിൽ അറിയിച്ചിത്. അതിനാൽ സ്വാഭാവികമരണമായി കണക്കാക്കിയായിരുന്നു നടപടികൾ. സംസ്കാരം കഴിഞ്ഞതോടെയാണ് മകൾ പിതാവിനെതിരെ പരാതി നൽകിയത്. ജനുവരി എട്ടിന് രാത്രി സജിയെ സോണി ആക്രമിച്ചെന്നും തല ഭിത്തിയിലിടിപ്പിച്ചാണ് പരിക്കേൽപ്പിച്ചതെന്നുമാണ് മകളുടെ മൊഴി.
അച്ഛന്‍ അമ്മയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും അച്ഛന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാലാണ് ആശുപത്രിയില്‍ വെച്ച് സത്യം പറയാതിരുന്നതെന്നും മീഷ്മ പൊലീസിനോട് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റു കിടന്നിട്ടും സജിയെ പിതാവ് ആശുപത്രിയില്‍ എത്തിച്ചില്ലെന്നും സജി വീടിനകത്ത് ഒന്നരമണിക്കൂറോളം രക്തം വാര്‍ന്നു കിടന്നെന്നും മിഷ്മ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.