പോസ്റ്റല്‍ ബാലറ്റ് വിവാദം : 23000 ഉദ്യോഗസ്ഥര്‍ക്ക് വോട്ട് നഷ്ടപ്പെട്ടന്ന് പരാതി

എല്ലാവര്‍ക്കും ബാലറ്റ് നല്‍കുമെന്നും വോട്ട് ചെയ്യാന്‍ അവസരമുണ്ടാക്കുമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്.

 

തിരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്നും സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള 23000 ഉദ്യോഗസ്ഥര്‍ക്ക് വോട്ട് നഷ്ടപ്പെട്ടന്ന് പരാതി. ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി വോട്ട് അവകാശം നിഷേധിച്ചുവെന്നും തിരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്നും സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു. കമ്മീഷന്റെ വീഴ്ചകള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമമെന്നും പോസ്റ്റല്‍ ബാലറ്റ് നിജസ്ഥിതി പുറത്ത് വിടാന്‍ അധികാരികള്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമെന്നും സംഘടനകള്‍ ചൂണ്ടിക്കാണിച്ചു.

എല്ലാവര്‍ക്കും ബാലറ്റ് നല്‍കുമെന്നും വോട്ട് ചെയ്യാന്‍ അവസരമുണ്ടാക്കുമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്. പരിശീലന കാലയളവില്‍ ഉള്‍പ്പെടെ പോസ്റ്റല്‍ ബാലറ്റ് ചെയ്യാനുള്ള ക്രമീകരണം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാഗ്ദാനം നല്‍കിയിരുന്നതാണ്. തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നവര്‍ക്ക് പോലും ബാലറ്റ് ലഭിച്ചിരുന്നില്ല.

പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. എത്രത്തോളം പോസ്റ്റല്‍ വോട്ടുകള്‍ അനുവദിച്ചിട്ടുണ്ട് എന്നതില്‍ കമ്മീഷന്‍ ഹൈക്കോടതിയില്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും.

സിപിഐഎമ്മും വിഷയത്തെ ഗൗരവമായാണ് കാണുന്നത്. ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ചത് അംഗീകരിക്കാനാകില്ല എന്നാണ് എം വി ജയരാജന്‍ പറഞ്ഞത്. സിപിഐഎം കണക്ക് പ്രകാരം ഏകദേശം 35000ത്തോളം ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ല എന്നാണ് കണ്ടെത്തല്‍.