പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം; സസ്‌പെന്‍ഷനിലായ ഫയര്‍ഫോഴ്‌സ് ഓഫീസറെ തിരിച്ചെടുത്തു

 



കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയതിന് സസ്‌പെന്‍ഷനിലായ മുന്‍ എറണാകുളം ജില്ലാ ഫയര്‍ ഓഫീസറെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. എ എസ് ജോഗിയെയാണ് തിരിച്ചെടുത്തത്. സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. 

ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ഫോഴ്‌സ് ഔദ്യോഗികമായി പരിശീലനം നല്‍കിയതാണ് സേനയ്ക്കാകെ തലവേദനയായ വിവാദത്തിലേക്ക് വളര്‍ന്നത്. 

മാര്‍ച്ച് മുപ്പതിനാണ് ആലുവ ടൗണ്‍ ഹാളില്‍വച്ച്  പോപ്പുലര്‍ ഫ്രണ്ട് റിലീഫ് ടീമിനായി അഗ്‌നിരക്ഷാ സേന പരിശീലനം നടത്തിയത്. അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍ അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു പരിശീലനം. ഇതാണ് വിവദമായത്.


 പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നു. ഇതോടെയാണ് അന്വേഷണം നടത്താന്‍ അഗ്‌നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്. സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. റീജിയണല്‍ ഫയര്‍ ഓഫീസര്‍ കെ കെ ഷൈജുവിനെയും, ജില്ലാ ഫയര്‍ ഓഫീസര്‍ ജെ എസ് ജോഗിയെയും സസ്‌പെന്റ് ചെയ്തത്. പരിശീലനം നല്‍കിയ മൂന്ന് ഫയര്‍മാന്മാരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കുക മാത്രം ചെയ്ത മൂന്ന് ഫയര്‍മാന്മാര്‍ക്കെതിരെ നടപടി പാടില്ലെന്ന് കേരള ഫയര്‍ഫോഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.  ഇതോടെയാണ് ബി അനിഷ്, വൈ എ രാഹുല്‍ദാസ്, എം സജാദ് എന്നീ മൂന്ന് റെസ്‌ക്യു ഓഫീസര്‍മാര്‍ക്കെതിരെയുള്ള നടപടി സ്ഥലംമാറ്റത്തിലൊതുങ്ങിയത്.