പൂരനഗരി കലയുടെ പൂരപ്പറമ്പാകും; 64-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്  നാളെ തിരി തെളിയും 

ബുധനാഴ്ച മുതൽ സ്വർണനേട്ടത്തിനായി സംസ്ഥാനത്തെ പ്രതിഭകൾ  നാളെ മുതൽ മാറ്റുരയ്ക്കാൻ തുടങ്ങും. ഇതോടെ കലയുടെ പൂരപ്പറമ്പായി തൃശ്ശൂർ മാറും. 18-ന് കലോത്സവം അവസാനിക്കുന്നതുവരെ കലയുടെ താളത്തിലൊഴുകും.

 

തൃശ്ശൂർ: ബുധനാഴ്ച മുതൽ സ്വർണനേട്ടത്തിനായി സംസ്ഥാനത്തെ പ്രതിഭകൾ  നാളെ മുതൽ മാറ്റുരയ്ക്കാൻ തുടങ്ങും. ഇതോടെ കലയുടെ പൂരപ്പറമ്പായി തൃശ്ശൂർ മാറും. 18-ന് കലോത്സവം അവസാനിക്കുന്നതുവരെ കലയുടെ താളത്തിലൊഴുകും.

എട്ടിടങ്ങളിലെ ആരവങ്ങളാണ് തിങ്കളാഴ്ച സ്വർണക്കപ്പ് വരവേറ്റത്. മേളഘോഷവും വർണബലൂണുകളുമുൾപ്പെടെ അലങ്കാരങ്ങൾ ഒരുക്കിയായിരുന്നു എതിരേൽക്കൽ. ചാലക്കുടിയിൽ രാവിലെ ഒൻപതിന് തുടങ്ങിയ സ്വീകരണം വൈകീട്ട് മൂന്നിന് ചേലക്കരയിലാണ് അവസാനിച്ചത്. ചൊവ്വാഴ്ച ആറിടങ്ങളിൽകൂടി സ്വീകരണം നടക്കും.

 രാവിലെ ഒൻപതിന് വടക്കാഞ്ചേരിയിൽ തുടക്കമിടും. ചൊവ്വാഴ്ച രാവിലെ മുതൽ വിവിധ ജില്ലകളിൽനിന്നുള്ള കലോത്സവ ടീമുകൾ എത്തിത്തുടങ്ങും. 10.30-ന് ആദ്യസംഘത്തെ റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കും. പത്തുമുതൽ മോഡൽ ബോയ്‌സ് സ്‌കൂളിൽ രജിസ്‌ട്രേഷൻ ആരംഭിക്കും. മൂന്നിന് കലോത്സവം ഊട്ടുപുരയായ ഇൻഡോർ സ്റ്റേഡിയത്തിൽ പാലുകാച്ചൽ നടക്കും.

സ്വർണക്കപ്പുമേന്തിയുള്ള വിളംബര ഘോഷയാത്ര ചൊവ്വാഴ്ച മൂന്നുമണിയോടെ നടക്കും. സിഎംഎസ് സ്കൂളിൽനിന്ന് തേക്കിൻകാട് എക്‌സിബിഷൻ ഗ്രൗണ്ടിലെ പ്രധാനവേദിയിലേക്കായിരിക്കും ഘോഷയാത്ര. ബുധനാഴ്ച രാവിലെ പത്തോടെ 64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിയിക്കുക.

തുടർന്ന് 25 വേദികളിലായി 249 ഇനങ്ങളിൽ പതിനായിരത്തിലേറെ പ്രതിഭകൾ മാറ്റുരയ്കും.കലോത്സവത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ എല്ലാ ഒരുക്കങ്ങളും മുറുകിയ താളത്തിലാണ്. വേദിയിൽ ഉൾപ്പെടെ ജോലികൾ തകൃതിയായി നടക്കുന്നു. ബുധനാഴ്ച പുലരിയിൽ കലോത്സവത്തെ എതിരേൽക്കാൻ കാത്തിരിക്കുകയാണ് പൂരനഗരി.